
അടിമാലി: പള്ളിവാസൽ പഞ്ചായത്തിന്റെ ഭാഗമായ പീച്ചാട് പ്ലാമല സിറ്റി റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. മാസങ്ങൾക്ക് മുമ്പ് റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തിയിരുന്നെങ്കിലും പ്രദേശത്ത് ഒരു കലുങ്ക് നിർമ്മിച്ച് കോൺക്രീറ്റ് ചെയ്തതൊഴിച്ചാൽ മറ്റൊന്നും നടന്നിട്ടില്ല. പീച്ചാട് നിന്നും പ്ലാമല സിറ്റിയിലേക്കുള്ള രണ്ട് കിലോമീറ്റളോളം വരുന്ന റോഡാണ് റീ ടാറിംഗ് നടത്താത്തതിനാൽ കുണ്ടും കുഴിയും നിറഞ്ഞ് അതീവ ദുർഘട പാതയായി തീർന്നത്. അടിമാലിയിൽ നിന്ന് മാങ്കുളം, കുരിശുപാറ, പീച്ചാട് മേഖലകളിലേക്കുള്ള എളുപ്പമാർഗമായ മച്ചിപ്ലാവ് കുരങ്ങാട്ടി പീച്ചാട് റോഡിൽ ഉൾപ്പെട്ടതാണ് തകർന്ന് കിടക്കുന്ന പ്ലാമല സിറ്റി മുതലുള്ള ഭാഗം. രണ്ട് കിലോമീറ്ററോളം പാത പൂർണമായി തകർന്ന് കിടക്കുന്നതിനാൽ വാഹനയാത്രികർക്ക് ദുരിതമാണ് ഇതുവഴിയുള്ള യാത്ര. അടിമാലി ടൗണിൽ നിന്ന് അപ്‌സരാകുന്ന് വഴി പീച്ചാട് ഭാഗത്തേക്ക് പോകുന്നവർക്കും പ്ലാമലസിറ്റി മുതൽ പീച്ചാട് വരെയുള്ള ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ ബുദ്ധിമുട്ടുണ്ടാക്കും. പ്ലാമലക്കുടിയിൽ നിന്നും ഞാവൽപ്പാറക്കുടിയിൽ നിന്നുമുള്ള ആദിവാസി കുടുംബങ്ങൾ പീച്ചാടെത്താൻ ഉപയോഗിക്കുന്നതും നിർമ്മാണം നടത്താത്ത ഈ പാതയെയാണ്. മഴക്കാലം ശക്തമാകുന്നതോടെ റോഡിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്നും താത്കാലികമായെങ്കിലും റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ നടപടി വേണമെന്നുമാണ് വാഹനയാത്രികരുടെ ആവശ്യം.