jinu

പീരുമേട്: വഴിത്തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ പിതാവിന്റെ മുന്നിൽ വച്ച് കുത്തേറ്റ രണ്ട് മക്കളിൽ ഒരാൾ മരിച്ചു. മ്ലാമല ലാഡ്രം പുതുവയലിൽ മുളങ്ങാശേരിയിൽ തോമസിന്റെ മകൻ ജിനുവാണ് (22) മരിച്ചത്. സഹോദരൻ സിബിച്ചനെ (25) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പള്ളിൽ മനീഷ് (40), കള്ളിക്കൽ അനീഷ് (32), എബിൻ (28) എന്നിവർ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ശനിയാഴ്ച രാത്രി 12നായിരുന്നു സംഭവം. സിബിച്ചനും പ്രതികളുമായി വഴിത്തർക്കം നിലനിന്നിരുന്നു. ശനിയാഴ്ച രാത്രിയിൽ ബൈക്കിൽ വരികയായിരുന്ന സിബിച്ചനെ പ്രതികൾ ആട്ടോറിക്ഷ ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് വാക്കു തർക്കമായി. ഇതിനിടെ ജിനുവും പിതാവ് തോമസും സ്ഥലത്തെത്തി. ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിനിടെ പ്രതികൾ കത്തി ഉപയോഗിച്ച് ജിനുവിനെയും സിബിച്ചനെയും കുത്തുകയായിരുന്നു. ജിനു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊവിഡ് പ്രോട്ടോകോൾ പ്രകാരം പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ഇന്ന് വിട്ടു നൽകുമെന്ന് പീരുമേട് പൊലീസ് ഇൻസ്പക്ടർ ശിവകുമാർ അറിയിച്ചു. കൊലപാതകത്തിനു ശേഷം വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ കിഴടങ്ങിയ പ്രതികളെ പീരുമേട് പൊലീസിന് കൈമാറി.