കട്ടപ്പന: സഞ്ചാരയോഗ്യമായ റോഡ് എന്ന ശൗര്യാംകുഴിപ്പടി നിവാസികളുടെ ആവശ്യത്തോട് മുഖംതിരിച്ച് ഇരട്ടയാർ പഞ്ചായത്ത്. എട്ടാം വാർഡിലെ ശൗര്യാംകുഴി പടികുളത്തുങ്കൽ പടി റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്. റോഡിന്റെ 200 മീറ്റർ ഭാഗം ഇപ്പോഴും ഗതാഗതയോഗ്യമല്ലാത്ത മൺപാതയാണ്. എട്ടാം വാർഡിൽ തന്നെയുള്ള ഈട്ടിപ്പടികുറ്റിയാനിപ്പടി റോഡിന്റെ ലിങ്ക് പാതയാണിത്. 300 മീറ്റർ ദൂരമുള്ള പാതയുടെ 100 മീറ്റർ ആദ്യഘട്ടത്തിൽ കോൺക്രീറ്റ് ചെയ്തിരുന്നു. ശേഷിക്കുന്ന ഭാഗം ഗതാഗതയോഗ്യമല്ല. മേഖലയിലെ 25ൽപ്പരം കുടുംബങ്ങളാണ് റോഡിനെ ആശ്രയിക്കുന്നത്. മഴക്കാലം ആരംഭിച്ചതോടെ രോഗികളെ ചുമന്ന് ആശുപത്രിയിൽ കൊണ്ടുപോകേണ്ട സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നു. പഞ്ചായത്ത് അധികൃതരെ അറിയിച്ചപ്പോൾ നിലവിൽ റോഡ് നിർമാണത്തിനു ഫണ്ടില്ലെന്നായിരുന്നു മറുപടി. വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത വിധം റോഡിൽ കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. പ്രധാനപാതയായ ഈട്ടിപ്പടികുറ്റിയാനിപ്പടി റോഡിന്റെ വിവിധ ഭാഗങ്ങളും തകർന്ന് ചെളിക്കുണ്ടായി മാറി.