തൊടുപുഴ: അദ്ധ്യാപക ദമ്പതികളുടെ വീട്ടിൽ രണ്ട് വർഷം വെള്ളം ഉപയോിഗിച്ചതിന് വാട്ടർ അതോറിട്ടി നൽകിയ ബിൽ തുക 3.60 ലക്ഷം രൂപ. തൊടുപുഴ കുമാരമംഗലം പാറയിൽ താമസിക്കുന്ന റിട്ട. ഹെഡ്മാസ്റ്റർ പുതുപ്പറമ്പിൽ ഫ്രാൻസിസ് ജോസഫും കുമാരമംഗലം എം.കെ.എൻ.എം സ്‌കൂളിലെ അദ്ധ്യാപികയായ ഭാര്യ മാഗി ജോർജിന്റെയും വീട്ടിലാണ് കഴിഞ്ഞ മാസം 3,60,479 രൂപയുടെ ബിൽ ലഭിച്ചത്. 2018 ഫെബ്രുവരി വരെ ഒരു വർഷത്തെ ബിൽ മുൻകൂറായി അടച്ചിരുന്നത് മിനിമം യൂണിറ്റ് തുക ആയ 240 രൂപയാണെന്ന് ഇവർ പറയുന്നു. എന്നാൽ 2018 ആഗസ്റ്റിൽ ഇവർക്ക് ഇരുട്ടടി പോലെ ലഭിച്ചത് 709 കിലോ ലീറ്റർ വെള്ളം ഉപയോഗിച്ചതായി കാട്ടി 76,995 രൂപയുടെ ബിൽ ആണ്. എന്നാൽ രണ്ടുമാസം കൂടുമ്പോൾ മിനിമം 40 രൂപയുടെ ബിൽ ലഭിച്ചിരുന്ന ഇവർക്ക് ഇത്ര കൂടിയ തുകയുടെ ബിൽ ലഭിച്ചതോടെ പരാതിയുമായി മൂവാറ്റുപുഴയിലെ സൂപ്രണ്ടിംഗ്എൻജിനീയറെ സമീപിച്ചു. അവിടെ നിന്ന് എൻജിനീയർ എത്തി പരിശോധിച്ച ശേഷം ഇത് തെറ്റായി ബിൽ വന്നതാണെന്നും മീറ്റർ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും വീട്ടുകാരോട് പറഞ്ഞു. അതിനാൽ സാധാരണ ബിൽ ലഭിക്കുമ്പോൾ പണം അടച്ചാൽ മതി എന്നും പറഞ്ഞു. എന്നാൽ അടുത്ത ഒക്ടോബറിൽ 1,02, 759 രൂപയായി വർധിച്ച ബില്ലാണ് നൽകിയത്. വീണ്ടും പരാതിയുമായി ഇവർ അധികൃതരെ സമീപിച്ചെങ്കിലും കഴിഞ്ഞ ഒക്ടോബറിൽ 2,57,393 രൂപയായി വർധിച്ച ബില്ലാണ് ലഭിച്ചത്. വീണ്ടും പരാതി വാട്ടർ അതോറിറ്റിയിൽ നൽകിയപ്പോൾ കഴിഞ്ഞ മാർച്ച് 19ന് അദാലത്തിൽ പങ്കെടുക്കാൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ലോക് ഡൗൺ വന്നതിനെ തുടർന്ന് അദാലത്ത് മാറ്റി. പിന്നീട് കഴിഞ്ഞ ജൂൺ 16ന് ലഭിച്ച ബില്ലാണ് 3,60,479 രൂപയുടേത്.