തൊടുപുഴ: ഇടുക്കിയിലെ ജനങ്ങളെ ഭീതിയിലാക്കി ആലുവയിലെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡെന്ന് പരിശോധനാഫലം. രാജാക്കാട് എൻ.ആർ.സിറ്റി സ്വദേശിനി ചിറമ്മേൽ വത്സമ്മ ജോയിയാണ് (56) മരിച്ചത്. എന്നാൽ, ആലപ്പുഴയിലെ വൈറോളജി ലാബിൽ നിന്നുള്ള സ്രവപരിശോധനാ ഫലം കൂടി വന്നാലെ കൊവിഡ് മരണമാണെന്ന് പൂർണമായും സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ .പ്രിയ പറഞ്ഞു. ലാബിലെ ഫലവും പോസിറ്റീവായാൽ ഇത് ജില്ലയിലെ ആദ്യ കൊവിഡ് മരണമാകും. കൂടാതെ ഇവരുടെ രോഗത്തിന്റെ ഉറവിടവും കണ്ടെത്തേണ്ടി വരും. ഹൃദയാഘാതത്തെ തുടർന്നാണ് വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയുടെ ഭാഗമായി നടത്തിയ പരിശോധനയാണ് പോസിറ്റീവായത്.
ജില്ലയിൽ 16 പേർക്കാണ് ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ് ആർക്കും രോഗമുക്തിയില്ല. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 114 ആയി.

രോഗബാധിതർ
 കാമാക്ഷി സ്വദേശിനി (49). ഡെൽഹിയിൽ നിന്ന് വന്ന മകൾക്കും കൊച്ചുമകനും ജൂൺ അഞ്ചിന് രോഗം സ്ഥിരീകരിച്ചിരുന്നു.
 ജൂൺ 24ന് ഷാർജയിൽ നിന്ന് വന്ന കുമളി സ്വദേശി (29)
 ജൂൺ 30ന് റിയാദിൽ നിന്ന് വന്ന രാജകുമാരി സ്വദേശി (29)
 ജൂൺ 26ന് ഷാർജയിൽ നിന്ന് വന്ന വണ്ടിപ്പെരിയാർ സ്വദേശി (57)
 ജൂലായ് രണ്ടിന് മസ്‌കറ്റിൽ നിന്ന് വന്ന ഏലപ്പാറ സ്വദേശി (23)
 ജൂൺ 29ന് ഷാർജയിൽ നിന്ന് വന്ന കാഞ്ചിയർ സ്വദേശി (35)
 ജൂൺ 26ന് മുംബെയിൽ നിന്ന് മക്കൾക്കൊപ്പം ട്രെയിനിൽ കൊച്ചിയിലെത്തിയ ഉപ്പുതറ സ്വദേശിനി (29). ടാക്‌സിയിലാണ് വീട്ടിലെത്തിയത്.
 ജൂൺ 29ന് മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ കരിമണ്ണൂർ സ്വദേശി (26). കൊച്ചി വരെ ട്രെയിനിലും വീടുവരെ ടാക്‌സിയിലുമാണ് എത്തിയത്.
 ജൂലായ് അഞ്ചിന് കമ്പത്ത് നിന്ന് സ്‌കൂട്ടറിൽ അയ്യപ്പൻകോവിലിലെത്തിയ ഏലത്തോട്ടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ (63).
 ജൂൺ അഞ്ചിന് തേനിയിൽ നിന്നെത്തിയ കാഞ്ചിയാർ സ്വദേശി (57). ബോഡിമെട്ടു വരെ ടാക്‌സിയിലും അവിടെ നിന്ന് പൂപ്പാറവരെ ഒരു ബൈക്കിൽ ലിഫ്‌റ്റ് വാങ്ങിയുമാണ് എത്തിയത്. പൂപ്പാറ മുതൽ കട്ടപ്പന വരെ രണ്ട് സ്വകാര്യ ബസുകൾ മാറിക്കയറി. തടിയമ്പാട്ടെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.
 ജൂലായ് രണ്ടിന് ഭർത്താവിനൊപ്പം സ്വകാര്യ വാഹനത്തിൽ തടിയമ്പാടെത്തിയ നാൽപ്പത്തൊൻപതുകാരി.
 ജൂലായ് രണ്ടിന് ഗൂഡല്ലൂരിൽ നിന്ന് സ്വകാര്യ കാറിലെത്തിയ കാഞ്ചിയാർ സ്വദേശികളായ ദമ്പതിമാർ (55, 49)
 ജൂലായ് ഒമ്പതിന് മുംബൈയിൽ നിന്ന് വിമാനത്തിലെത്തിയ വണ്ണപ്പുറം സ്വദേശി (36)
 ജൂലായ് ഒമ്പതിന് തമിഴ്‌നാട് ശങ്കരൻ കോവിലിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (42). ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
 ജൂൺ 23ന് തിരുനെൽവേലിയിൽ നിന്ന് വന്ന മൂന്നാർ സ്വദേശി (30). ഇടുക്കി മെഡിക്കൽ കോളേജിൽ ഇവർ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞ് നിരീക്ഷണത്തിലാണ്.