തൊടുപുഴ: ഉദ്ഘാടനത്തിന് വി. ഐ. പി യെ വിളിക്കുന്നെങ്കിൽ എന്തിനാണ് കുറയ്ക്കുന്നത് മുഖ്യമന്ത്രിയെത്തന്നെ വിളിക്കാം. പണ്ട് ഇങ്ങനെ ഏതെങ്കിലും ഒരു പഞ്ചായത്ത് പ്രസിഡന്റോ സർക്കാർ സ്ഥാപന അധികാരികളെ പറഞ്ഞാൽ വെറുതെ തള്ളാതെ എന്ന് നാട്ടുകാർ പറയുമായിരുന്നു. കഥയൊക്കെ മാറികേട്ടോ, കാലവും മാറി. ഇപ്പോൾ ഏത് വി. ഐ പിയും വിളിപ്പുറത്തെത്തും, എന്ന് വച്ചാൽ സ്‌ക്രീനിൽ തെളിയുമെന്ന് സാരം. ലോക്ക് ഡൗൺ കാലം കൊണ്ടുണ്ടായ ഒരു നേട്ടംഎന്ന് വേണമെങ്കിൽ പറയാം. വീഡിയോ കോൺഫ്രൻസുവഴി ആർക്കും ഏത് പ്രോഗ്രാമും ഉദ്ഘാടനം ചെയ്യാം എന്ന നിലയിലായി. അതിനുള്ള സാങ്കേതിക സൗകര്യം എല്ലാം ഇപ്പോൾ എവിടെയും ലഭ്യമാണ്. വിദ്യാർത്ഥികൾ ഓൺലൈൻ ക്‌ളാസ് വീഡിയോ കോൺഫ്രൻസ് വഴി നടക്കുന്ന കാലത്ത് ഭരണസിരാകേന്ദ്രങ്ങളിൽ ഇതൊക്കെ ഹൈടെക്കാകുക സ്വാഭാവികം.
കഴിഞ്ഞ ദിവസം ജില്ലയിൽ പല ഇടങ്ങളിലായി നടന്ന ഉദ്ഘാടനങ്ങളിൽ ഗവർണ്ണർ, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റീസ് , മന്ത്രിമാർ അങ്ങനെ നീളുന്നു വി. ഐ. പി നിര. മറയൂരിലായാലും മൂന്നാറിലായാലും മൂലമറ്റത്തായാലും ജില്ലാ ആസ്ഥാനത്തായാലും ആരും ഓടി എത്തേണ്ട. പരിപാടികൾക്ക് വി. ഐ. പി പരിവേഷം ലഭിക്കുകയും ചെറിയ ചെലവിൽ വലിയ പരിപാടി എന്നനിലയിലേയ്ക്ക് കാര്യങ്ങൾ എത്തി.പണവും സമയവുമായി സംഘാടകർക്കും ലാഭം.സർക്കാരിനും ലാഭം. ജില്ലയിൽ ഇക്കാലയളവിനുള്ളിൽ നടന്ന ഇത്തരം ഉദ്ഘാടനങ്ങൾക്ക് കൈയ്യും കണക്കുമില്ല എന്ന്തന്നെ പറയാംസംസ്ഥാന തലത്തിൽ പ്രാധാന്യമർഹിക്കുന്ന മലങ്കര ജലസേചന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചതും വീഡിയോ കോൺഫ്രൻസ് വഴി. ആശംസ അറിയിച്ച മന്ത്രിമാർ രണ്ട്പേരുടെയുംസാന്നിദ്ധ്യവും ഇത്തരത്തിൽത്തന്നെ.
രാഷ്ട്രീയക്കാർക്ക് കോളടിച്ചു
ഏത് ചെറുപാർട്ടിക്കും സമരം നടത്താം. ആളുകുറയുമോയെന്ന പേടിവേണ്ട. ആളുകളെ സംഘടിപ്പിക്കാനുള്ള നെട്ടോട്ടവും വേണ്ട. എത്രപേർ കുറയുന്നോ അത്രയും കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ടത്തുന്നത് എന്ന് പറയാം. . മുൻകാലങ്ങളിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തട്ടിക്കൂട്ട് സംഘടനകൾ വരെ ധർണയിലും സമ്മേളനങ്ങളിലും നൂറു കണക്കിന് ആളുകളെയാണ് അണിനിരത്തിയിരുന്നത്. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ ശേഷമുള്ള മൂന്നുമാസങ്ങൾ ജനകീയ സമരങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഓൺലൈൻ യോഗങ്ങൾ വ്യാപകമായതോടെ സംഘടനകൾ സംസ്ഥാന കമ്മിറ്റി മുതൽ പ്രാദേശിക യോഗങ്ങൾ വരെ വീഡിയോ കോൺഫറൻസ് വഴിയാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കഴിഞ്ഞ ഒന്നരമാസമായി പ്രതിഷേധ സമരങ്ങൾ നടത്തിയത് . പരമാവധി 5 പേർ എന്നതായിരുന്നു കണക്ക്. എന്നാൽ ലോക് ഡൗണിൽ ഇളവുകൾ വന്നതോടെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും അംഗബലം കൂട്ടി എന്ന്മാത്രം.