തൊടുപുഴ: കുട്ടികളിലേക്ക് കൊവിഡ് എളുപ്പം പടരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയത്. എന്നാൽ കുട്ടികൾ ഭൂരിഭാഗവും വീടുകളിലിരിക്കുന്നില്ല. നിയന്ത്രണങ്ങൾ പാലിക്കാതെ വീടുകൾക്ക് സമീപം കൂട്ടുകൂടി കളിക്കുന്ന കാഴ്ചയാണ് മിക്ക പ്രദേശങ്ങളിലുമുള്ളത്. വീടുകൾ അടുത്തടുത്തുള്ള ലക്ഷം വീട് കോളനി പ്രദേശങ്ങൾ, വില്ലകൾ, അപ്പാർട്ട് മെന്റുകൾ എന്നിവിടങ്ങളിലെല്ലാം കൊവിഡ് നിയന്ത്രണങ്ങൾ വകവയ്ക്കാതെ കുട്ടികൾ കൂട്ടം ചേരുന്നുണ്ട്. മാസ്ക്ക് ഉപയോഗിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് ഇവർ ഇവിടെ കൂട്ടം ചേർന്ന് കളികളിൽ ഏർപ്പെടുന്നതും. അയല്പക്കത്തെ വീടുകളിലും കയറി ഇറങ്ങുന്നുണ്ട്. സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ഇത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഏറെ സമയം കുട്ടികളെ വീടുകളിൽ തന്നെ ഇരുത്താൻ രക്ഷിതാക്കൾക്ക് സാധിക്കുന്നില്ലെന്നതാണ് സത്യം. ടിവിയും മൊബൈൽ ഫോണും മാത്രം ഉപയോഗിച്ച് വീട്ടിനുള്ളിലിരിക്കുന്നത് കുട്ടികളുടെ മാനസിക- ശാരീരിക വളർച്ചയെയും ബാധിക്കും.