കട്ടപ്പന: കോവിഡിന്റെ മറവിൽ ഗാഡ്ഗിൽ റിപ്പോർട്ട് കോടതി വ്യവഹാരത്തിലൂടെ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ കർഷക സംഘം ജില്ലയിലെ 150 കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സി.വി. വർഗീസ് അറിയിച്ചു. ഇ.എസ്.എ. വനമേഖലയിൽ മാത്രം നിജപ്പെടുത്തിയുള്ള സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. ഇതു അംഗീകരിക്കാൻ കേന്ദ്ര സമ്മർദം ചെലുത്തുന്നതിനു പകരം ഗോവ ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള കപട പരിസ്ഥിതി സംഘനകളുമായി ഒത്തുകളിക്കാനുള്ള ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ നീക്കം അപകടം നിറഞ്ഞതാണ്. രഹസ്യ അജണ്ട നടപ്പാക്കാനാണ് ഇവരുടെ ശ്രമം.
സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അടിമാലിയിലും സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി കരിമണ്ണൂരും കർഷക സംഘം ജില്ലാ പ്രസിഡന്റ് സി.വി. വർഗീസ് തൊടുപുഴയിലും സെക്രട്ടറി എൻ.വി. ബേബി ചെറുതോണിയിലും സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.എൻ. വിജയൻ നെടുങ്കണ്ടത്തും പി.എസ്. രാജൻ ഏലപ്പാറയിലും കെ.വി. ശശി മൂന്നാറിലും എം.എൻ. മോഹനൻ പൂപ്പാറയിലും വി.വി. മത്തായി മൂലമറ്റത്തും ആർ. തിലകൻ വണ്ടിപ്പെരിയാറിലും കർഷകസംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗങ്ങളായ എൻ. ശിവരാജൻ കാമാക്ഷിയിലും റോമിയോ സെബാസ്റ്റ്യൻ മുരിക്കാശേരിയിലും പി.പി. ചന്ദ്രൻ കാഞ്ഞാറിലും ധർണ ഉദ്ഘാടനം ചെയ്യും.