തൊടുപുഴ: സ്വർണ്ണ കടത്ത് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും യുവ മോർച്ചയും തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഗാന്ധി സ്‌ക്വയറിൽ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഇന്നലെ രാവിലെ 11 ന് യുവമോർച്ചയുടെ നേതൃത്വത്തിലും ഇവരുടെ പ്രകടനം അവസാനിച്ചതിന് ശേഷം 12 നാണ് യൂത്ത് കോൺഗ്രസും പ്രകടനം നടത്തിയത്.പ്രകടനത്തെ പ്രതിരോധിക്കാനായി പൊലീസ് ഗാന്ധി സ്‌ക്വയറിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാൻ ഇരു കൂട്ടരും ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. മിനി സിവിൽ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പോലീസ് ഗാന്ധി സ്‌ക്വയറിൽ തടയുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് തൊടുപുഴ ഡിവൈഎസ്പി കെ.കെ.സജീവ്, സിഐ സുധീർ മനോഹർ, എസ്‌ഐ ബൈജു പി.ബാബു എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു. ടിയർ ഗ്യാസ്, കണ്ണീർവാതക ഷെല്ലുകളും തയാറാക്കിയിരുന്നു. സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും യുവമോർച്ചയാണ് ആദ്യം മാർച്ച് നടത്തിയത്. ഇവർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് വടം കെട്ടി തിരികെ വലിച്ചു. ഏറെ നേരം പോലീസും പ്രകടനക്കാരും തമ്മിൽ ബാരിക്കേഡിൽ ബലപ്രയോഗം നടത്തി. നേതാക്കൾ ഇടപെട്ടതോടെ കൂടുതൽ സംഘർഷാവസ്ഥ ഉണ്ടായില്ല. സമരം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി എന്നിവർ പ്രസംഗിച്ചു. ബിജെപി, യുവമോർച്ച നേതാക്കളായ വിനീത്, സുജിത്ത് ശശി,ഗോകുൽ ഗോപിനാഥ്, അജിത്ത് ഇടവെട്ടി അനന്തു മങ്കാട്ടിൽ, മനു ഹരിദാസ്, കണ്ണായി നിധിൻ ,ജോമോൻ ഉടുമ്പന്നൂർ, ഉത്രാടം കണ്ണൻ, അഭിരാം മേനോൻ, സന്ദീപ് സോമൻ, പി.എ.വേലുകുട്ടൻ, പി.ആർ.വിനോദ്, കൃഷ്ണകുമാർ , സനൽ പുരുഷോത്തമൻ, എൻ.വേണുഗോപാൽ., അശോകൻ എന്നിവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ്സ് പ്രകടനവും സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് ആരംഭിച്ചത്. പ്രകടനം ഗാന്ധി സ്‌ക്വയറിൽ പൊലീസ് തടഞ്ഞപ്പോൾ പ്രവർത്തകർ ബാരിക്കേഡിനു മുകളിലൂടെ മറികടക്കാൻ ശ്രമിച്ചു. പിന്നീട് പഴയ ബസ്റ്റാൻഡ് മൈതാനിയോടു ചേർന്ന ഭാഗത്തു കൂടെ ബാരിക്കേഡ് കടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തി പ്രയോഗിച്ചു. കൊടിക്കമ്പുകളുമായി പ്രവർത്തകർ പൊലീസിനെയും നേരിട്ടു. ഇതിനിടെ പ്രകടനക്കാർ പൊലീസിന്റെ ലാത്തി പിടിച്ചു വാങ്ങുകയും ചെയ്തു. പ്രവർത്തകർ പിരിഞ്ഞു പോകണമെന്ന് പൊലീസ് മൈക്കിലൂടെ മുന്നറിയിപ്പു നൽകി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മുതിർന്ന നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ സമരം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി.മാത്യു മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ടി.എൽ. അക്ബർ ആരിഫ് കരീം,എബി മുണ്ടക്കൻ, അരുൺ പൂച്ചകുഴി, ജോസുകുട്ടി ജോസഫ്, കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്എന്നിവർ നേതൃത്വം നൽകി.കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ സമരം നടത്തിയ രണ്ടു സംഘടനകളിൽ നിന്നും 20 വീതം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.