തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട പഞ്ചായത്തുകളിലെ ഗ്രാമസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തിയാണ് അനുയോജ്യമായ ഉപകരണങ്ങൾ നൽകിയത്. മൂന്നരലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കിയ പദ്ധതിയിൽ വീൽ ചെയർ, കൃത്രിമക്കാൽ, ശ്രവണസഹായി, തെറാപ്പി മാറ്റ് തുടങ്ങി പതിനാറോളം ഉപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിമ്മി മറ്റത്തിപ്പാറ, ലീലാമ്മ ജോസ്, കെ.വി. ജോസ്, സീന ഇസ്മയിൽ, സി.ഡി.പി.ഒ സിസിലിയാമ്മ മാത്യു, ഐ.സി.ഡി.എസ് സൂപ്പർവൈസർ മെൽഡാ ഡേവിഡ് എന്നിവർ പങ്കെടുത്തു.