ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത്‌ലാബ് നിർമ്മിക്കുന്നതിന് നടപടിയാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ. മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാത്ത് ലാബിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.കൊവിഡ് പരിശോധനയ്ക്കായി ആർ ടി പി സി ആർ, ട്രൂനാറ്റ് ലാബുകൾ ഇടുക്കി മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുള്ളത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി എം.എം.മണി അദ്ധ്യയക്ഷത വഹിച്ചു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി കെ എസ് ഇ ബിയുടെ സി എസ് ആർ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുള്ള 10 കോടി രൂപയിൽ നിന്നും ഒന്നരക്കോടി രൂപ കാത്ത് ലാബിന് അടിസ്ഥാന സൗകര്യങ്ങൾക്കായി വിനിയോഗിക്കാമെന്ന് മന്ത്രി അറിയിച്ചു.
ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് സെന്റർ, കൊവിഡ് 19 ഐ സി യു , കൊവിഡ് പരിശോധനാ ലാബ്, പുതിയ ആശുപത്രി സമുച്ചയത്തിലേയ്ക്കുള്ള റോഡ് , കാത്തിരിപ്പു കേന്ദ്രം, മോർച്ചറി നവീകരണം തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ഡീൻ കുര്യാക്കോസ് എം.പി, കൊവിഡ് പരിശോധനാ ലാബും റോഷി അഗസ്റ്റിൻ എം എൽ എ, ഡയാലിസിസ് യൂണിറ്റും ഇ.എസ്. ബിജിമോൾ എം.എൽ.എ, ബ്ലഡ് സെന്ററും പൊതുജനങ്ങൾക്ക് സമർപ്പിച്ചു.
ജില്ലാ കലക്ടർ എച്ച്.ദിനേശൻ റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെലിൻ വി.എം, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് വട്ടപ്പാറ, കെ എസ് ആർ ടി സി ഡയറക്ടർ ബോർഡംഗം സി.വി.വർഗീസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ആശുപത്രി വികസന സമിതി അംഗങ്ങളായ ജോയി വർഗീസ്, സണ്ണി ഇല്ലിക്കൽ, പി.എം. അസീസ്, അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, എ ഡി എം ആന്റണി സ്‌കറിയ, ഡി എം ഒ ഡോ.എൻ.പ്രിയ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രവികുമാർ എസ്.എൻ, ഡി.പി.എം.ഡോ.സുജിത്ത് സുകുമാരൻ, ആർ എം ഒ ഡോ.അരുൺ.എസ്, കെ.കെ.ജയചന്ദ്രൻ , അനിൽ കൂവപ്ലാക്കൽ, പി.കെ.ജയൻ, സാജൻ കുന്നേൽ, ജോസ് കുഴികണ്ടം തുടങ്ങിയവർ പങ്കെടുത്തു.