മൂന്നാർ: മലയിടിച്ചിലുണ്ടായ ഗ്യാപ്‌റോഡിൽ വിദഗ്ദ്ധസംഘം നാളെ പരിശോധന നടത്തും. കോഴിക്കോട് എൻ.ഐ.ടി.യിലെ ജിയോളജിസ്റ്റുകൾ, ദേശീയപാത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. ജൂൺ 17നാണ് ഗ്യാപ്‌റോഡിലുണ്ടായ മലയിടിച്ചിലിൽ താഴ്ഭാഗത്തുള്ള കർഷകരുടെ 50 ഏക്കറിലെ കൃഷിയും വീടുകളും നശിച്ചിരുന്നു. ദേശീയപാതയിലെ 180 മീറ്റർ ഭാഗത്തെ റോഡും തകർന്നിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തകർന്നുവീണ പാറകൾ പൊട്ടിച്ചുനീക്കാൻ തുടങ്ങിയെങ്കിലും ജൂൺ 29ന് നാട്ടുകാരുടെ നേതൃത്വത്തിൽ പണികൾ തടഞ്ഞു. സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിക്കുന്നുവെന്നാരോപിച്ചാണ് നാട്ടുകാർ പണി തടഞ്ഞത്. ഇതോടെ ഗ്യാപ്‌റോഡിലെ നിർമാണങ്ങൾ പൂർണമായി നിലച്ചു. വിദഗ്ദ്ധസംഘമെത്തി പരിശോധന നടത്തി അനുമതി നൽകിയാൽ മാത്രമാണ് പാറ പൊട്ടിച്ചുനീക്കുന്ന പണികൾ ഉൾപ്പെടെ പുനരാരംഭിക്കാൻ കഴിയൂ. ഡിസംബർ 31നകം പണികൾ പൂർത്തീകരിച്ച്‌ റോഡ് ഗതാഗതത്തിനായി തുറന്ന് നൽകാനാണ് ആലോചന.