തൊടുപുഴ: റോട്ടറി ക്ലബിന്റെ ഈ വർഷത്തെ വിവിധ പദ്ധികൾക്ക് തുടക്കം കുറിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ക്ലീൻ തൊടുപുഴ' പദ്ധതിയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. തൊടുപുഴയെ പൂർണമായും മാലിന്യമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. നഗരസഭ, വിവിധ വകുപ്പുകൾ, വ്യാപാരികൾ, മാദ്ധ്യമപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് നാല് വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോടൊപ്പം കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി 'തൈ പത്ത്' എന്ന പരിപാടിയും ക്ലബിന്റെ നേതൃത്വത്തിൽ നടക്കും. നഗരസഭയിലെ ഒരു വാർഡ് തിരഞ്ഞെടുത്ത് ഇരുപതോളം ഔഷധങ്ങൾ കൃഷി ചെയ്യുന്നതാണ് പദ്ധതി. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നുമാണ് തൈകൾ എത്തിക്കുക. കർഷകരും ഇതിന്റെ ഭാഗമാകും. തൊടുപുഴയെ ഔഷധവിളകളുടെ ഹബ്ബാക്കും. കൊവിഡ് പ്രതിരോധത്തിലുള്ള പൊലീസുകാർക്ക് മരുന്നുകളും ബോധവത്കരണവും നൽകും. സോളാർ എനർജി പ്രോത്സാഹിപ്പിക്കുന്നതിനായി സൂര്യകിരണമെന്ന പദ്ധതിയും ക്ലബ് വിഭാവനം ചെയ്തിട്ടുണ്ട്. ക്ലബിന്റെ തുടർപദ്ധതികളായ പട്ടിണിരഹിത തൊടുപുഴയുടെ ഭാഗമായ അന്നപൂർണം പദ്ധതി, സൗജന്യ ഡയാലിസിസ് മെഷീൻ വിതരണം എന്നിവ തുടരും. യുവാക്കൾക്കാവശ്യമായ സ്റ്റാർട്ട് അപ്പ് പരിശീലനം ഉൾപ്പടെയുള്ളവ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഡോ. സതീഷ് ധന്വന്തരി, സെക്രട്ടറി ഫെബിൻ ലീ, ഹെജി പി. ചെറിയാൻ, സുരേഷ്‌കുമാർ കെ.ജി, ലിറ്റോ പി. ജോൺ എന്നിവർ പങ്കെടുത്തു.