 രോഗികൾ ഇല്ലാത്തത് പരിശോധന കുറയുമ്പോൾ

ഇടുക്കി: സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്നലെ ഇടുക്കി ജില്ലയിൽ മാത്രം ആർക്കും രോഗം ബാധിച്ചില്ലെന്നത് ആശ്വാസമായാണ് എല്ലാവരും കാണുന്നത്. എന്നാൽ ആശ്വസിക്കാൻ വകയില്ലെന്നതാണ് കണക്കുകൾ പറയുന്നത്. ഇന്നലെ ജില്ലയിൽ ഒരു കേസും റിപ്പോർട്ട് ചെയ്യാത്തത് പരിശോധനാഫലം കുറവായതുകൊണ്ടാണെന്നതാണ് വസ്തുത. 46 പരിശോധനാഫലങ്ങൾ മാത്രമാണ് ഇന്നലെ വന്നത്. ഇനിയും 578 പേരുടെ ഫലം വരാനുണ്ട്. ഇതിന് മുമ്പ് ജൂൺ 30നായിരുന്നു അവസാനമായി ജില്ലയിൽ ആർക്കും രോഗം ബാധിക്കാതിരുന്നത്. അന്ന് 10 പരിശോധനാ ഫലം മാത്രമാണ് പുറത്തുവന്നത്. പരിശോധനാഫലം കൂട്ടുന്നതോടെ വരുംദിവസങ്ങളിൽ കൂടുതൽ കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഇന്നലെ ആർക്കും രോഗമുക്തിയുമില്ലായിരുന്നു. കഴിഞ്ഞ ഒരാഴ്ചകൊണ്ട് മാത്രം 77 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 8, 9 തീയതികളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

ഉറവിടമറിയാത്തവർ ഏറുന്നു

ഉറവിടമറിയാത്തവരും രോഗികളുമായി അടുത്തിടപഴകിയവരും ഉൾപ്പടെ 31 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിൽ ഉറവിടമറിയാത്ത 11 കേസുകളാണുള്ളത്. ഇതിൽ നലെണ്ണവും ഈ മാസമാണ്. ഞായറാഴ്ച മരിച്ച എൻ.ആർ. സിറ്റി സ്വദേശിനിയായ വീട്ടമ്മയ്ക്ക് കൊവിഡാണെന്നാണ് പ്രാഥമിക നിഗമനം. അങ്ങനെയെങ്കിൽ ഇതും ഉറവിടമറിയാ രോഗബാധയാകും.

കൂടുതൽ രോഗികൾ തമിഴ്നാട്ടിൽ നിന്ന്

ജില്ലയിൽ രോഗബാധ കൂടുതൽ മറ്റ് തമിഴ്നാട്ടിൽ നിന്ന് എത്തിയവർക്കാണ്. തമിഴ്‌നാട്ടിൽ നിന്നെത്തിയ 48 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടിച്ചിട്ടുണ്ട്. ആകെ രോഗം സ്ഥിരീകരിച്ച 211 പേരിൽ 107 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 73 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇപ്പോഴും അതിർത്തി വഴി തമിഴ്‌നാട്ടിൽ നിന്ന് തോട്ടം തൊഴിലാളികൾ ഉൾപ്പടെ വന്നുകൊണ്ടിരിക്കുകയാണ്. മിക്കവരും കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരാണ്. ഇതാണ് ആശങ്കയുണ്ടാക്കുന്നത്.