വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി നിർവഹിക്കും
മുട്ടം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച മുട്ടം പൊലീസ് സ്റ്റേഷൻ ആഗസ്റ്റ് 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. നിലവിലുള്ള പഴയ കെട്ടിടം നിലനിറുത്തി ഇതിന്റെ പിന്നിലാണ് പുതിയ കെട്ടിടം. ആഭ്യന്തര വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 85 ലക്ഷം രൂപ മുടക്കിയാണ‌് 3500 സ്‌ക്വയർ ഫീറ്റിലുള്ള ഇരുനിലകെട്ടിടം നിർമ്മിച്ചിച്ചിരിക്കുന്നത്. സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരളയ്ക്കായിരുന്നു (സിൽക്) നിർമ്മാണ ചുമതല. 2019 ജനുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിലങ്ങു തടിയായി. തുടർന്ന് ഏതാനും മാസങ്ങൾ നിർമ്മാണം സ്തംഭിച്ചിരുന്നു. 68 സെന്റ് സ്ഥലമാണ് മുട്ടം പൊലീസ് സ്റ്റേഷനുള്ളത്. കാഞ്ഞാർ സ്റ്റേഷന് കീഴിൽ ഔട്ട് പോസ്റ്റായി പ്രവർത്തിച്ച് വരവേ 2016 ലാണ് പൊലീസ് സ്റ്റേഷനായി ഉയർത്തിയത്. വനിതകളടക്കം 40 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സ്ഥലപരിമിതി ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്ക് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്കും ഏറെ പ്രശ്നങ്ങളായിരുന്നു. സ്റ്റേഷനിലെത്തുന്ന പൊതു ജനങ്ങൾ ഉദ്യോഗസ്ഥരെ കാത്ത് മഴയത്തും വെയിലത്തും സ്റ്റേഷന് മുന്നിലുള്ള റോഡരികിലും കട തിണ്ണകളിലുമാണ് നിന്നിരുന്നതും. പുതിയ കെട്ടിടത്തിന്റെ വരവോടെ ഇതിനു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ‌് ഉദ്യോഗസ്ഥരും ജനങ്ങളും. ജില്ലയിൽ ഉടുമ്പൻചോലയിലെയും കുളമാവിലെയും പൊലീസ് സ്റ്റേഷനുകളുടെ നിർമാണവും സിൽക്കിന്റെ നേതൃത്വത്തിലാണ്. ഒരു കോടി രൂപ വീതമാണ് ഇതിന്റെ നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്.
പുതിയ സ്റ്റേഷനിലെ സൗകര്യങ്ങൾ
ഫ്രണ്ട് ഓഫീസ്, ക്രൈം- ലാ ആന്റ് ഓർഡർ വിംഗ്, ജീവനക്കാർക്ക് വിശ്രമിക്കാനുള്ള റൂം, ആംസ് റൂം, ഉദ്യോഗസ്ഥർക്കുള്ള ഔദ്യോഗിക റൂം, വിശ്രമസ്ഥലം, റെക്കോഡ് ഫയൽ റൂം, പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേക ലോക്കപ്പുകൾ, തൊണ്ടി മുതൽ സൂക്ഷിക്കാനുള്ള റൂം, കൺട്രോൾ റൂം, ജീവനക്കാർക്ക് പാചക മുറി, എട്ടോളം ശുചിമുറികളും എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.