കാണാതായ വീട്ടമ്മയെന്ന് നിഗമനം
കൊലപാതകമെന്നും സംശയം
കട്ടപ്പന: കട്ടപ്പന നഗരസഭയിലെ എസ്.സി. കോളനിയിൽ സ്ത്രീയുടെ മൃതദേഹം സാരിയിൽ പൊതിഞ്ഞ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ദുരൂഹ സാഹചര്യത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതിനാൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഒരുമാസം മുമ്പ് കോളനിയിൽ നിന്നു കാണാതായ വയോധികയുടെ മൃതദേഹമാണെന്നാണ് സൂചന. ആളൊഴിഞ്ഞ പുരയിടത്തിൽ കാണപ്പെട്ട മൃതദേഹത്തിന്റെ മുഖമടക്കം ജീർണിച്ച നിലയിലാണ്.
50ൽപ്പരം കുടുംബങ്ങൾ താമസിക്കുന്ന കുരിശുപള്ളി കുന്തളംപാറ കോളനിയിലെ കുര്യാലിൽ അമ്മിണിയെ(65) ജൂൺ എട്ടിനാണ് കാണാതായത്. ലോക് ഡൗണിനെ തുടർന്ന് ഇവരുടെ ഭർത്താവ് തമിഴ്‌നാട്ടിൽ കുടുങ്ങിയതിനാൽ വീട്ടമ്മ ഒറ്റക്കാണ് താമസിച്ചിരുന്നത്. കാണാതായതിനു പിന്നാലെ ഇവരുടെ സഹോദരി നൽകിയ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇന്നലെ ഉച്ചയോടെ അമ്മിണിയുടെ വീടിനുസമീപത്ത് നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. വീടിനോടു ചേർന്ന് ഒരടിയോളം താഴ്ചയിൽ കുഴിച്ചിട്ട നിലയിലായിരുന്നു. തിരിച്ചറിയാനാകാത്ത വിധം ഭൂരിഭാഗം അഴുകിയ ജഡത്തിനു ഒരുമാസത്തെ പഴക്കമുണ്ട്. മരിച്ചത് ഇവർ തന്നെയാണോയെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. പ്രാഥമിക അന്വേഷണത്തിൽ വയോധിക തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. സാരി ചുറ്റി മൃതദേഹം മറവുചെയ്തതിനാലാണ് കൊലപാതകമാണെന്ന സംശയത്തിലേക്കു വിരൽചൂണ്ടുന്നത്.
സംഭവത്തിൽ പ്രദേശവാസികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിനു പഴക്കമുള്ളതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും അടക്കമുള്ള നടപടികൾ ഇന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തിയ ശേഷം മാത്രമേ ഉണ്ടാകൂ. നിലവിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സുരക്ഷ ഏർപ്പെടുത്തി. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ, എസ്.ഐമാരായ സന്തോഷ് സജീവ്, എം.എസ്. ഷംസുദീൻ, ബിനോയി എഎബ്രഹാം, എ.എസ്.ഐ. കെ.കെ. സിജുമോൻ, എസ്.സി.പി.ഒ പി.വി. റെജി സി.പി.ഒ ബിപിൻ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.