suresh

വണ്ണപ്പുറം: ഹൈറേഞ്ച് ജംഗ്ഷനിലെ എ.ടി.എം തകർത്തത് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വണ്ണപ്പുറം ചീങ്കൽസിറ്റി കൂവപ്പുറം കടുവക്കുഴിയിൽ കെ.എൻ. സുരേഷ് (49), ചൂർണിക്കര കാളിപറമ്പിൽ അജോയ്‌ ജോസഫ് (40) എന്നിവരാണ് പിടിയിലായത്. എ.ടി.എമ്മിലെ സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വണ്ണപ്പുറം അർച്ചന ആശുപത്രിയ്ക്ക് സമീപമുള്ള ലോഡ്ജിൽ ഇവർ താമസിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടൈൽ പണിക്കാരാണ് പിടിയിലായ സുരേഷും അജോയിയും. മറ്റു മൂന്ന് പ്രതികൾക്കായുള്ള അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് എ.ടി.എം തകർക്കാൻ മോഷ്ടാക്കൾ ശ്രമിച്ചത്. കാളിയാർ സി.ഐ ബി. പങ്കജാക്ഷൻ, എസ്.ഐ വി.സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.