ചെറുതോണി:കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഗോവ ഫൗണ്ടേഷൻ, റിവർ റിസേർച്ച് സെന്റർ കേരള തുടങ്ങിയ 4 പരിസ്ഥിതി സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ച് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുവാനുള്ള നിഗൂഢനീക്കം അവസാനിപ്പിക്കാൻ കേന്ദ്രസംസ്ഥാനസർക്കാരുകൾ രംഗത്തുവരണമെന്ന് കേരളാ കോൺഗ്രസ് (എം) നേതാവ് മാത്യു സ്റ്റീഫൻ ആവശ്യപ്പെട്ടു.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുവാനുള്ള നീക്കങ്ങൾക്കെതിരെ കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം നടത്തിയ വില്ലേജ് ഓഫീസ് ധർണ്ണകളുടെ ജില്ലാതല ഉദ്ഘാടനം അറക്കുളത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ലൂക്കാച്ചൻ മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം എം.മോനിച്ചൻ, സാം ജോർജ്ജ്, ജോസ്‌കുട്ടി
തുടിയംപ്ലാക്കൽ, സനു പൊട്ടനാനി, സാൻജു ചെറുവള്ളാട്ട് എന്നിവർ പ്രസംഗിച്ചു.
ഇടുക്കി വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ കർഷകയൂണിയൻ (എം) ജോസഫ് വിഭാഗം സംസ്ഥാന നേതാവ് വർഗീസ് വെട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ടോമി കൊച്ചുകുടി അധ്യക്ഷത വഹിച്ചു. വാത്തിക്കുടി വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷൈനി സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് പുളിമൂട്ടിൽ അധ്യക്ഷത വഹിച്ചു.
കട്ടപ്പനയിൽ നടന്ന ധർണ്ണ പാർട്ടി ജില്ലാ സെക്രട്ടറി സിനു വാലുമ്മേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി കുടുക്കച്ചിറ അദ്ധ്യക്ഷത വഹിച്ചു.
കാന്തിപ്പാറയിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ വള്ളനാമറ്റം അധ്യക്ഷത വഹിച്ചു.