തൊടുപുഴ: മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വന്ന ഹർജിക്കെതിരെ കേസ് നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയാണ് സി.പി.എം സമരം നടത്തേണ്ടതെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഗോവ ഫൗണ്ടേഷൻ ഉൾപ്പെടെ പരിസ്ഥിതി സംഘടനകൾ ഗാഡ്ഗിൽ റിപ്പോർട്ട് ഉയർത്തിക്കാട്ടി സ്ഥിതിഗതികൾ വഷളാകാൻ ശ്രമിക്കുമ്പോൾ സംസ്ഥാന സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ദുരൂഹമാണ്. സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇനിയും അഭിപ്രായം വ്യക്തമാക്കാത്തത് ആശങ്കാജനകമാണ്. കേന്ദ്രത്തിന്റെ പരിഗനണയിൽ വരാത്ത മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോയവരുടെ ലക്ഷ്യം ജനവിരുദ്ധമാണ്. കേന്ദ്രം ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. എം.പി എന്ന നിലയിൽ ജനതാത്പര്യം സംരക്ഷിക്കാൻ കേസിൽ കക്ഷി ചേരും. ഇതിനെ കുറ്റപ്പെടുത്തി സി.പി.എം രംഗപ്രവേശം ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇടുക്കിയിലെ ജനങ്ങൾ ഏൽപ്പിച്ച വിശ്വാസം നൂറ് ശതമാനം കാത്തു സൂക്ഷിച്ച് പാർലമെന്റിനകത്തും പുറത്തും ആത്മാർത്ഥമായി നിലകൊള്ളും. ഈ പ്രശ്നത്തിന്റെ പേരിൽ ജനതാത്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. .എസ്.ഐയുടെ പേരിൽ ഒരാളെയും പീഡിപ്പിക്കാൻ അനുവദിക്കില്ല. സി.പി.എം ജില്ലാ ഘടകം സംസ്ഥാന സർക്കാരിനെകൊണ്ട് നടപടി സ്വീകരിപ്പിക്കുകയാണ് വേണ്ടത്. കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അഭിപ്രായം ഒന്നായാൽ മാത്രമേ ഗുണകരമായ പുരോഗതി ഉണ്ടാവൂ. സുപ്രിംകോടതിയിൽ കേസ് വാദിക്കാൻ സീനിയർ അഭിഭാഷകനെ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഈ മാസം ആദ്യം കത്ത് നൽകിയതാണ്. ഇതുവരെയും മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിട്ടില്ല. മുഖ്യമന്ത്രി പരിസ്ഥിതി സംഘടനകളുമായി ഒത്തുകളിക്കുകയാണോയെന്ന് ന്യായമായും സംശയിക്കുകയാണ്.