മുട്ടം: ജില്ലാ കോടതിക്ക് സമീപം മുട്ടം പരപ്പാൻ തോട്ടിൽ അലുമിനിയ ഫേബ്രിക്കേഷന്റെ പാഴ് വസ്തുക്കൾ തള്ളിയ ഉടമയിൽ നിന്ന് പഞ്ചായത്ത്‌ അധികൃതർ 3500 രൂപ പിഴ ഈടാക്കി പാഴ് വസ്തുക്കൾ തോട്ടിൽ നിന്ന് വാരിച്ചു. നിരവധി ആളുകൾ നിത്യവും ഉപയോഗിക്കുന്ന പരപ്പാൻ തോട്ടിലെ വെള്ളത്തിൽ പാഴ് വസ്തുക്കൾ തള്ളിയതായി പ്രദേശവാസിയായ വ്യക്തി മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് എത്തിയ പഞ്ചായത്ത്‌ അധികൃതർ തോട്ടിലെ വെള്ളത്തിൽ പാഴ് വസ്തുക്കൾ തള്ളിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പാഴ് വസ്തുക്കളുടെ കൂടെ മുട്ടത്തുള്ള അലുമിനിയം ഫേബ്രിക്കേഷൻസ് സ്ഥാപനത്തിലെ ബില്ലുകളും ഇവിടേക്ക് സാധന സാമഗ്രികൾ വാങ്ങിയ മൊത്ത വ്യാപാര സ്ഥാപനത്തിലെ ബില്ലുകളും പഞ്ചായത്ത്‌ അധികൃതർ കണ്ടെത്തി. പാഴ് വസ്തുക്കൾ തള്ളിയ ആളെ പഞ്ചായത്ത്‌ അധികൃതർക്ക് ബോധ്യം ആവുകയും ഇയാളിൽ നിന്ന് പിഴ ഈടാക്കുകയും തോട്ടിൽ നിന്ന് പാഴ് വസ്തുക്കൾ വാരിക്കുകയും ചെയ്തത്. എന്നാൽ പാഴ് വസ്തുക്കൾ മറ്റ് എവിടെയെങ്കിലും കളയുന്നതിനായി ഓട്ടോ റിക്ഷയിൽ കൊടുത്ത് വിട്ടിരുന്നു, ഓട്ടോ ഡ്രൈവറാണ് തോട്ടിൽ തള്ളിയതെന്ന് സ്ഥാപന ഉടമ പറഞ്ഞു. മുട്ടം പഞ്ചായത്ത്‌ പ്രദേശത്തിന്റെ വിവിധ സ്ഥലങ്ങളിലും മലങ്കര ജല സംഭരണിയിലും ശൗചാലയ മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നത് വ്യാപകമായിരുന്നു. ഇതേ തുടർന്ന് പഞ്ചായത്തും മുട്ടം പൊലീസും മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ രാത്രി കാലങ്ങളിൽ വാഹന പരിശോധന ഉൾപ്പെടെ ശക്തമാക്കിയിരുന്നു. മാലിന്യം തള്ളുന്നവരെക്കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.