മുട്ടം: മുട്ടത്തുള്ള ജില്ലാ ജയിലിൽ വനിത തടവുകാരെയും പ്രവേശിപ്പിച്ച് തുടങ്ങിയതായി ജയിൽ അധികൃതർ അറിയിച്ചു. വനിത തടവുകാരെയും പാർപ്പിക്കാനുള്ള സൗകര്യത്തോടെയാണ് ജയിലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ ഇവിടേക്ക് ആവശ്യമായ വനിത ജീവനക്കാരെ നിയമിക്കാൻ താമസം നേരിട്ടതിനാൽ വനിത തടവുകാരെ പാർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അടുത്ത നാളിൽ 2 അസിസ്റ്റന്റ് സൂപ്രണ്ട്, 4 ഫീ മെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ എന്നിവരെ ഇവിടേക്ക് നിയമിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. ജില്ലയിൽ നിന്നുള്ള വനിതാ തടവുകാരെ കോട്ടയം, എറണാകുളം ജില്ലാ ജയിലുകളിലേക്കാണ് ഇത് വരെ മാറ്റിയിരുന്നത്. ഇത് തടവുകാർക്കും ജയിൽ ജീവനക്കാർക്കും ഏറെ ദുരിതങ്ങൾ സൃഷ്ടിച്ചിരുന്നു. കൂടാതെ സുരക്ഷ പ്രശ്നവും സർക്കാരിന് അധിക സാമ്പത്തിക ചെലവും വന്നിരുന്നു. ജയിലിലേക്ക് റിമാന്റ് ചെയ്യുന്ന പുതിയ തടവുകാരെ കൊവിഡ് ജാഗ്രതയുടെ ഭാഗമായി തൃശൂർ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ച് സ്രവം പരിശോധനക്ക് അയക്കും. നെഗറ്റീവായാൽ എറണാകുളം ജില്ലാ ജയിലിൽ 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ചതിന് ശേഷമാണ് മുട്ടം ജില്ലാ ജയിലിൽ എത്തിക്കുന്നത്. തിങ്കളാഴ്ച്ച മുതൽ വനിത തടവുകാരെ അനുവദിച്ചിരുന്നെങ്കിലും 2 തടവുകാർ ബുധനാഴ്ച്ചയാണ് ഇവിടേക്ക് എത്തിയത്. 253 പുരുഷ തടവുകാരെയും 27 വനിത തടവുകാരെയും പാർപ്പിക്കാനുള്ള സൗകര്യം നിലവിൽ മുട്ടം ജില്ലാ ജയിലിലുണ്ട്.