muthamma

കട്ടപ്പന: ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരശിഖിരം ഒടിഞ്ഞുവീണ് സ്ത്രീ തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വണ്ടൻമേട് ആമയാർ ആനന്ദഭവൻ കണ്ണന്റെ ഭാര്യ കെ. മുത്തമ്മ(48) യാണ് മരിച്ചത്. പരിക്കേറ്റ വണ്ടൻമേട് പുത്തൻപുരയ്ക്കൽ വിജയമ്മ സന്തോഷ്(52), തടത്തിൽ സെൽവി(28) എന്നിവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ആമയാറിലാണ് സംഭവം. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരശിഖിരം ഒടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മുത്തമ്മ മരിച്ചത്. പരിക്കേറ്റവരെ ഒപ്പമുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സെൽവി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൊവിഡ് പരിശോധനയ്ക്ക് ശേഷം മുത്തമ്മയുടെ മൃതദേഹം ഇന്നു ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മക്കൾ: ആനന്ദ്, രതീഷ്, കവിത.