മരിച്ചത് കാണാതായ അമ്മിണിയെന്ന് നിഗമനം
അയൽവാസി ഒളിവിൽ
കട്ടപ്പന: കുരിശുപള്ളി കുന്തളംപാറ എസ്.സി കോളനിയിൽ സാരിയിൽ പൊതിഞ്ഞ് മണ്ണിൽ കുഴിച്ചിട്ട നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സ്ഥിരീകരണം. സാരി ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ മൃതദേഹം ഒരുമാസം മുമ്പ് കാണാതായ കോളനി നിവാസിയായ കുര്യാലിൽ അമ്മിണി (65) യുടേതാണെന്നാണ് അനൗദ്യോഗിക സ്ഥിരീകരണം. ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തുനിന്ന് ഇവരുടെ തിരിച്ചറിയൽ കാർഡും ലഭിച്ചിട്ടുണ്ട്.
അതേസമയം പ്രതിയെന്നു സംശയിക്കുന്ന അയൽവാസി ഒരുമാസമായി ഒളിവിലാണ്. ഇയാൾ തമിഴ്‌നാട്ടിലേക്കു കടന്നതായി സൂചനയുണ്ട്. അമ്മിണിയുടെ വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
വയോധികയുടെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, ആർ.ഡി.ഒ. അതുൽ സ്വാമിനാഥ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പൊലീസ് സർജൻ ദീപുവിന്റെ നേതൃത്വത്തിൽ ഇന്നലെ പോസ്റ്റ്‌മോർട്ടം നടത്തി. ഫൊറൻസിക് സംഘവും പരിശോധന നടത്തി.
ജൂൺ എട്ടിനാണ് അമ്മിണിയെ കാണാതായത്. ലോക്ക് ഡൗണിനെ തുടർന്ന് ഭർത്താവ് കാമാച്ചി തമിഴ്‌നാട്ടിൽ കുടുങ്ങിയതിനാൽ ഇവർ ഒറ്റക്കായിരുന്നു താമസം. സഹോദരി നൽകിയ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം അവിടെതന്നെ സംസ്‌കരിച്ചു. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ, എസ്.ഐമാരായ സന്തോഷ് സജീവ്, എം.എസ്. ഷംസുദീൻ, ബിനോയി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.