തൊടുപുഴ: ആദിവാസികൾക്ക് വനാവകാശ രേഖയല്ല വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന പട്ടയമാണ് നൽകേണ്ടതെന്ന് ദേവികുളം മുൻ അഡീഷണൽ തഹസീൽദാർ എം.ഐ.രവീന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആദിവാസികളുടെ ഭൂമിയ്ക്ക് പട്ടയം നൽകുന്നതിനായി ഭൂമിയുടെ വിസ്തീർണം കൈവശ രേഖയോ വനാവകാശ രേഖയോ നോക്കി തിട്ടപ്പെടുത്തണം. 1970 ൽ വെളളിയാമറ്റം, ഉടുമ്പന്നൂർ, വണ്ണപ്പുറം എന്നീ വില്ലേജുകളിലെ ട്രൈബൽ സെറ്റിൽമെന്റുകളിൽ നടത്തിയിട്ടുള്ള സർവേ അനുസരിച്ച് 1920 ഏക്കർ വിസ്തീർണം ഉണ്ട്. സംസ്ഥാനത്ത് വനത്തിൽ താമസിച്ചുവരുന്ന ആദിവാസികൾക്ക് 1997 ൽ റവന്യൂ വകുപ്പ് സ്ഥലം അളന്ന് തിരിച്ച് വിസ്തീർണം കൃത്യമായി രേഖപ്പെടുത്തി സബ് കളക്ടറും തഹസീൽദാരും ഫോറസ്റ്റ് റേഞ്ച് ഓഫീസറും ഒപ്പിട്ട് കൈവശ രേഖ നൽകിയിട്ടുണ്ട്. കൂടാതെ 2012 ൽ ആദിവാസികൾക്ക് നൽകിയ വനാവകാശ രേഖയിലും കൈവശഭൂമിയുടെ കൃത്യമായ വിസ്തീർണവും സ്‌കെച്ചും ചേർത്തിട്ടുണ്ട്. ഈ രേഖയിൽ ഒപ്പിട്ടിരിക്കുന്നത് ജില്ലാ കളക്ടർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ഐടിഡിപി പ്രോജക്ട് ഓഫീസർ എന്നിവരാണ്. സർവേ നടത്തിയിരിക്കുന്നത് ഭൂമികേരളം പ്രാജക്ട് ആണ്.ആദിവാസികളുടെ കൈവശ ഭൂമിക്ക് ഇത്രയും കൃത്യമായ ഔദ്യോഗിക രേഖ ഉളളതുകൊണ്ട് ഭൂമിയ്ക്ക് പട്ടയം നൽകാൻ വീണ്ടും അളക്കേണ്ട ആവശ്യമില്ല. കൈവശരേഖയിലെ വിസ്തീർണം പട്ടയത്തിൽ രേഖപ്പെടുത്തി ആദിവാസികൾക്ക് സമയബന്ധിതമായി പട്ടയം നൽകാം. പട്ടയ നടപടികൾക്കായി സ്‌പെഷൽ തഹസിൽദാർ ഓഫീസിൽ സർവയർമാരെ ഉൾപ്പെടെ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും താലൂക്ക് ലാന്റ് അസൈൻമെന്റ് കമ്മിറ്റിയിൽ പട്ടികവർഗ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും എം.ഐ.രവീന്ദ്രൻ ആവശ്യപ്പെട്ടു.