കട്ടപ്പന: പി.എസ്.സി. സിവിൽ പൊലീസ് ഓഫീസേഴ്‌സ് റാങ്ക് ജേതാക്കളുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മിനി സ്‌റ്റേഡിയത്തിലെ സമരപ്പന്തലിൽ ശവപ്പെട്ടിയിൽ കിടന്നും കറുത്ത കൊടി നാട്ടിയുമാണ് ഭാരവാഹികൾ പ്രതിഷേധിക്കുന്നത്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ ഒഴിവ് പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് സമരം. പി.എസ്.സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.. ജൂൺ 17ന് പാസാക്കിയ 1200 ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നും റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഭാരവാഹികളായ ഷിജോ ഷാജി, ടി.എസ്. ജിബിൻ, സാബിൻ സത്യപാൽ, ബിബിൻ ജോസഫ്, നിതിൻ എച്ച്.നാഥ്, റോണി ജോൺ, അഖിൽ ജോൺ എന്നിവർ നേതൃത്വം നൽകി.