തൊടുപുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിലെ 13 കുട്ടികൾ മുഴുവൻ മാർക്കും നേടി. കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്ന് കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു. കമ്പ്യൂട്ടർ സയൻസ് പഠിച്ചാണ് അനുഷ ജോർജ് നേട്ടം കൊയ്തത്. നെയ്യശേരി കാനാക്കുന്നിൽ പരേതനായ ജോർജ് മാത്യുവിന്റേയും എമിലിയുടെയും മകളാണ്. അഷ്ലിൻ ജെയിംസ് ഹ്യൂമാനിറ്റീസിലാണ് മുഴുവൻ മാർക്കും നേടിയത്. മുതലക്കോടം പൊന്നാരത്തിൽ ജെയിംസ് പി.സിയുടേയും ബിന്ദുവിന്റേയും മകളാണ്. ടീന മരിയ സാജുവും ഹ്യുമാനിറ്റീസാണ് പഠിച്ചത്. കരിമണ്ണൂർ കുരിശിങ്കൽ സാജു ആന്റണിയുടേയും ലാലിയുടെയും മകനാണ്.

അടിമാലി എസ്.എൻ.ഡി.പി സ്‌കൂളിലെ ഹേമന്ത് ജിജോയും മുഴുവൻ മാർക്കും നേടി. ബയോളജി സയൻസ് ഗ്രൂപ്പാണ് പഠിച്ചത്. ഇരുന്നൂറേക്കർ മാപ്പിള കുന്നേൽ ബിനോ എംതോമസിന്റേയും ദീപയുടേയും മകനാണ്.

കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഡെൽന വിജോൺ ബയോളജി സയൻസാണ് പഠിച്ചത്. വട്ടപ്പറമ്പിൽ ജോൺ ജോസഫിന്റേയും ലിസി ജോണിന്റേയും മകളാണ്. മുതലക്കോടം സെന്റ് ജോർജസ് എച്ച്.എസ്.എസിലെ സാനിയ റോസ് ആന്റണി സയൻസിലാണ് നേട്ടമുണ്ടാക്കിയത്. വഴിത്തല സെന്റ്. സെബാസ്റ്റ്യൻസ് എച്ച.എസ്.എസിലെ ജോണ ജോയി കൊമേഴ്സ് വിദ്യാർഥിനിയാണ്. ആരക്കുഴ കണ്ണാത്തുകുഴിയിൽ ജോയിയുടേയും വഴിത്തല സെന്റ് സ്‌കൂൾ ഹെഡ് മിസ്ട്രസ് കൊച്ചുറാണിയുടേയും മകളാണ്.
ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ്. ൽ നിന്ന് പ്ലസ്.ടു. കമ്പ്യൂട്ടർ സയൻസ് വിദ്യാർതിയായിരുന്ന ജോൺസ് ബെന്നിയും മിടുക്ക് കാട്ടി. ഇരട്ടയാർ കൊച്ചുപറമ്പിൽ ബെന്നി തോമസിന്റെയും ഡെൽസി ബെന്നിയുടെയും മകനാണ്. കൂട്ടാർ എൻ.എസ്.എസ്. സ്‌കൂളിലെ നന്ദന എസ്.നായരാണ് സയൻസ് വിഭാഗത്തില് മുഴുവൻ മാർക്കും നേടിയ മറ്റൊരു വിദ്യാർത്ഥി. കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ അനിൽകുമാറിന്റെയും പുറ്റടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കെമിസ്ട്രി അദ്ധ്യാപിക ഗംഗയുടെയും മകളാണ്. വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസിലെ രണ്ട് വിദ്യാർത്ഥികൾക്കും മുഴുവൻ മാർക്കുണ്ട്. ഹ്യുമാനിറ്റീസ് ബാച്ചിലെ അഗ്നസ് മരിയ തോമസ്, കൊമേഴ്സ് ബാച്ചിലെ ലിയ ബോബൻ എന്നിവരാണ് സ്‌കൂളിന് അഭിമാനമായത്. വലിയതോവാള വടക്കേപ്പറമ്പിൽ ജെമിലി തോമസ് ദമ്പതികളുടെ മകളാണ് അഗ്നസ്. ലിയ വെള്ളയാംകുടി തേനംമാക്കൽ ബോബൻ​- ഷൈനി മാത്യു ദമ്പതികളുടെ മകളാണ്. കൂമ്പൻപാറ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അമലമോൾ വിൻസെന്റ്, എല്സ മരിയ നോബി എന്നിവർക്കും ഫുൾ മാർക്കുണ്ട്.