വണ്ണപ്പുറം: ഹൈറേഞ്ച് ജംഗ്ഷനിലെ എ.ടി.എം മോഷണക്കേസിൽ അഞ്ച് പ്രതികളിൽ പിടികിട്ടാതിരുന്ന മൂന്നു പേരെ കൂടി ഇന്നലെ പൊലീസ് പിടികൂടി. മുള്ളരിങ്ങാട് സ്വദേശി രാജേന്ദ്രൻ, ജിബു വർഗീസ്, എബി. സി.ജെ. എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പിടിയിലായ രണ്ട് പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജിബു, എബി എന്നിവരെ ആലുവയിൽ നിന്ന് രാജേന്ദ്രനെ കൊരങ്ങാട്ടിയിൽ നിന്നും പിടികൂടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് അഞ്ചംഗ സംഘം എ.ടി.എം. തകർത്ത് മോഷണം നടത്താൻ ശ്രമിച്ചത്. എസ്.എച്ച്.ഒ ബി. പങ്കജാക്ഷൻ, എസ്.ഐ. വി.സി. വിഷ്ണുകുമാർ, അടിമാലി എ.എസ്.ഐ സതീശൻ, സി.പി.ഒ. അജിത്, കാളിയാർ എസ്.ഐ കണ്ണദാസ്, ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.