കുമളി വലിയകണ്ടം പ്രദേശത്ത് മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരവുമായി കുമളി ഗ്രാമപഞ്ചായത്ത്. മഴക്കാലത്ത് വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കാൻ പഞ്ചായത്ത് പ്രദേശത്ത് ഓടയുടെ നിർമ്മാണം ആരംഭിച്ചു. നിലവിൽ ഓടയുടെ മണ്ണ് ജോലികൾ പൂർത്തീകരിച്ചതായും ഓട കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ ഉടനാരംഭിക്കുമെന്നും 3 ലക്ഷം രൂപ പഞ്ചായത്ത് കോൺക്രീറ്റ് ജോലികൾക്കായി വകയിരുത്തിയിട്ടുള്ളതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാണ് ഓടയുടെ മൺജോലികൾ നടത്തിയത്. പ്രദേശത്ത് കെട്ടികിടക്കുന്ന വെള്ളം ഓടയിലൂടെ വലിയകണ്ടം മുസ്ലീംപള്ളിക്ക് പിൻഭാഗത്തുള്ള കൈത്തോട്ടിലേക്കെത്തിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. മഴക്കാലത്ത് വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിച്ചിരുന്ന 150ൽ അധികം കുടുംബങ്ങൾക്ക് പഞ്ചായത്തിന്റെ ഇടപെടലിലൂടെ ആശ്വാസം ലഭിക്കും. വെള്ളമൊഴുകാനുള്ള വഴികൾ അടഞ്ഞ് പോയതോടെയായിരുന്നു വലിയകണ്ടം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു തുടങ്ങിയത്. ഓടയുടെ നിർമ്മാണത്തോടെ നാളുകളായി വെള്ളക്കെട്ട് സംബന്ധിച്ച് പ്രദേശത്ത് നിലനിന്നിരുന്ന പരാതികൾക്ക് പരിഹാരമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.