കട്ടപ്പന: ദേശീയ, സംസ്ഥാനപാതകളുടെ ഇരുവശത്തും കുറ്റിക്കാടുകൾ നിറഞ്ഞത് അപകടക്കെണിയാകുന്നു. അടിമാലി- കുമളി ദേശീയപാതയിലെ ഇടുക്കി- കട്ടപ്പന റോഡ്, കട്ടപ്പന- കുട്ടിക്കാനം സംസ്ഥാനപാത, ചെറുതോണി- തൊടുപുഴ റോഡ് എന്നിവിടങ്ങളിൽ ഇരുവശത്തും റോഡിലേക്ക് കാടുവളർന്ന് പന്തലിച്ചിരിക്കുകയാണ്. ഹെയർപിൻ വളവുകളിലടക്കം വാഹന ഡ്രൈവർമാരുടെ കാഴ്ചമറച്ച് കുറ്റിക്കാടുകൾ വളർന്നുനിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഇടുക്കി മുതൽ വെള്ളയാംകുടി വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടാവസ്ഥ. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങൾ വഴിമാറുന്നത്. എതിർദിശകളിൽ നിന്നുള്ള വാഹനങ്ങൾ പോലും കാണാൻ കഴിയാത്ത സ്ഥിതിയാണ്. ഇരുവശത്തും കുറ്റിക്കാടുകൾ തിങ്ങിനിറഞ്ഞതോടെ ദേശീയപാതയുടെ പലസ്ഥലങ്ങളിലും വീതിക്കുറവാണ്.