തൊടുപുഴ:ആശങ്കാജനകാമാംവിധം കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ശാന്തൻപാറ പേത്തൊട്ടിയിൽ നിരീക്ഷണത്തിലിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശിയായ പാണ്ഡ്യനാണ് (74) രോഗ ബാധയുണ്ടെന്ന് ആദ്യ പരിശോധനാ ഫലത്തിൽ വ്യക്തമായത്. ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് നടത്തിയ സ്രവപരിശോധനാ ഫലമാണ് പോസിറ്റീവായത്. മൃതദേഹത്തിൽ നിന്ന് സ്രവം ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്ന് പരിശോധനാ ഫലം വന്നതിന് ശേഷമേ മരണം കോവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരികരിക്കൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. അന്തിമ പരിശോധനാ ഫലവും പോസിറ്റീവായാൽ ഇത് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാകും.

ജില്ലയിലെ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത രാജാക്കാട് സ്ഥിതി രൂക്ഷമാവുകയാണ്. നാല് പേർക്കാണ് ഇന്നലെ ഇവിടെ ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ഒമ്പതായി. ചൊവ്വാഴ്ച കുടുംബാംഗങ്ങളടക്കം കുടുംബത്തിലെ നാല് പേർക്ക് ആന്റിജൻ ടെസ്റ്റിൽ രോഗം സ്ഥിരികരിച്ചിരുന്നു. പഞ്ചായത്ത് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. എവിടെ നിന്നാണ് രോഗം പകരുതെന്ന് അറിയാൻ സാധിക്കാത്തത് ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. കൂടുതൽ പേരിൽ ആന്റിജൻ ടെസ്റ്റ് നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.