കട്ടപ്പന: വയോധികയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ബലപ്രയോഗത്തിനിടെ വെട്ടിയശേഷം മരണം ഉറപ്പാക്കിക്കഴിഞ്ഞ് മൃതദേഹം വീടിന്റെ സമീപത്ത് മറവു ചെയ്തതാകാമെന്നാണ് നിഗമനം. ജൂൺ എട്ടിന് കാണാതായ കുരിശുപള്ളി കുന്തളംപാറ കോളനിയിലെ കുര്യാലിൽ അമ്മിണി(65) യാണ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചശേഷം ഔദ്യോഗികമായി സ്ഥിരീകരിക്കും. കഴുത്തിലും നെഞ്ചിലും വെട്ടേറ്റതായും വാരിയെല്ലുകൾ ഒടിഞ്ഞതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കോളനിയിലെ മറ്റു താമസക്കാരിൽ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മിണിയുടെ അയൽവാസിയിലേക്കാണ് കേന്ദ്രീകരിക്കുന്നത്. ഇയാൾ ഒരുമാസമായി ഒളിവിലാണ്. ഇയാൾ തമിഴ്‌നാട്ടിലേക്കു കടന്നതായും സംശയമുണ്ട്. ജൂൺ എട്ടിനാണ് അമ്മിണിയെ കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അമ്മിണിയുടെ വീടിനോടു ചേർന്ന് ഒരടിയോളം താഴ്ചയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ, എസ്.ഐമാരായ സന്തോഷ് സജീവ്, എം.എസ്. ഷംസുദീൻ, ബിനോയി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.