അടിമാലി: വനംവകുപ്പ് ജീവനക്കാരെ വെറുതെ വിടില്ലെന്നും റേഞ്ച് ആഫീസറെ മാങ്കുളം ടൗണിൽ കെട്ടിയിട്ട് തല്ലുമെന്നും ഭീഷണിപ്പെടുത്തി സി.പി.ഐ നേതാവ്. കാട്ടാന കടക്കാതിരിക്കാനുള്ള ട്രഞ്ച് സംബന്ധിച്ച പരാതി പരിശോധിക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരായ മാങ്കുളം ഡി.എഫ്.ഒ.സുഹൈബ്, റേഞ്ച് ഓഫീസർ ഉദയസൂര്യൻ എന്നിവരെയാണ് സി.പി.ഐ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീൺ ജോസ് നാട്ടുകാർക്ക് മുന്നിൽ ഭീഷണിപ്പെടുത്തിയത്. പ്രവീൺ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
'പഞ്ചായത്ത് ഇലക്ഷന് മുമ്പ് ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഞങ്ങളുടെ അവസാനത്തെ പണി ഞങ്ങൾ ചെയ്യും. നടുറോഡിൽ തീർക്കും. അതിന്റെ വീഡിയോയും പിടിക്കും. എടോ തന്നെ മാങ്കുളം ടൗണിൽ കെട്ടിയിട്ട് ഞങ്ങൾ തല്ലും. സ്ഥലം മാറ്റാത്തത് തനിക്കിട്ടു നാലെണ്ണം തന്നുവിടണമെന്നുള്ളതുകൊണ്ടാണ്' എന്നിങ്ങനെയാണ് പ്രവീണിന്റെ വാക്കുകൾ. സംഭവം സംബന്ധിച്ച് വനംവകുപ്പ് അധികൃതർ മൂന്നാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബംഗ്ലാവ് തറയിൽ വനംവകുപ്പ് പണിതുവരുന്ന ക്യാമ്പ് ഓഫീസിന് ചുറ്റും കാട്ടാനകൾ കടക്കാതെ കൂറ്റൻ ട്രഞ്ച് നിർമ്മിച്ചിട്ടുണ്ട്. ഇതിനെതിരെ നാട്ടുകാരുടെ പരാതിയിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ദേവികുളം തഹസിൽദാർ ജിജി കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന സംയുക്ത പരിശോധനക്കിടെയാണ് സംഭവം. വനം വകുപ്പ് ഉദ്യാേഗസ്ഥർ മോശമായി സംസാരിച്ചതിന് മറുപടി നൽകുകയാണുണ്ടായതെന്നും വീഡിയോ ദൃശ്യം പൂർണമായി പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും പ്രവീൺ പറയുന്നു. സംഭവത്തിൽ പ്രവീൺ ജോസിനോട് വിശദീകരണം തേടിയതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ അറിയിച്ചു.