തൊടുപുഴ: കർക്കടക മാസാരംഭത്തോടനുബന്ധിച്ച് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഔഷധക്കഞ്ഞി വിതരണം ചെയ്തു. മഴക്കാല രോഗങ്ങളെയും കൊവിഡ് ഉൾപ്പെടെയുള്ള മറ്റ് പകർച്ച വ്യാധികളെയും പ്രതിരോധിക്കുന്നതിന് പ്രയോജനകരമായ ഔഷധങ്ങൾ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ കഞ്ഞിയാണ് വിതരണം ചെയ്തത്. ദഹനപ്രവർത്തനങ്ങളെ ഊർജിതമാക്കാനും ശരീരബലമുണ്ടാകാനും ഉതകുന്ന ഔഷധ മൂലികകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. മഴക്കാലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശരീരത്തെ പാകപ്പെടുത്തുന്നതിന് വേണ്ടി ആയുർവേദഗ്രന്ഥങ്ങളിൽ ഇത്തരം ഔഷധ പ്രയോഗങ്ങൾ ധാരാളം പരാമർശിക്കുന്നുണ്ട്. ഔഷധക്കഞ്ഞി വിതരണോദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. മാത്യൂസ് പി. കുരുവിള നിർവഹിച്ചു. കിടപ്പു രോഗികൾക്കും ഒ.പി വിഭാഗം രോഗികൾക്കും ആശുപത്രി ജീവനക്കാർക്കുമാണ് ഔഷധക്കഞ്ഞി നൽകിയത്. ഔഷധക്കഞ്ഞിയുടെ നിർമാണം, ആവശ്യകത എന്നിവയെപ്പറ്റി അവബോധന പരിപാടിയും നടത്തി. സർക്കാർ നിർദേശമനുസരിച്ചുള്ള കൊവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഔഷധക്കഞ്ഞി വിതരണം ചെയ്തത്.