ഇടുക്കി: ജില്ലയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമൃതം പദ്ധതിയുടെ ഭാഗമായി 3135 പേർക്ക് സൗജന്യ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പും ജില്ലാ ആയുർവേദ കൊവിഡ് റെസ്‌പോൺസ് സെല്ലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേർന്ന് നിരീക്ഷണത്തിൽ കഴിയുന്നവർക്കാണ് അമൃതം പദ്ധതി വഴി സൗജന്യ ആയുർവേദ പ്രതിരോധ മരുന്ന് എത്തിക്കുന്നത്. ഇതിൽ വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്കും അല്ലാത്തവർക്കും നൽകുന്നു. കൊവിഡ് രോഗമുക്തി നേടിയവരുടെ ആരോഗ്യ സംരക്ഷണത്തിന് പുനർജനി പദ്ധതിയും ജില്ലയിൽ വ്യാപകമായി നടപ്പിലാക്കുന്നുണ്ട്. ഇതു കൂടാതെ 60 വയസിന് താഴെയുള്ളവരുടെ ജീവിതചര്യ മികച്ചതാക്കാനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്‌സ്, സർക്കാർ ജീവനക്കാർ എന്നിവർക്ക് സംരക്ഷണം നൽകുന്നതിനുള്ള സ്വാസ്ഥ്യം പദ്ധതിയും 60 വയസിന്മേൽ പ്രായമുള്ളവർക്ക് വേണ്ടിയുള്ള സുഖായുഷ്യം പദ്ധതിയും ജില്ലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. മേൽപറഞ്ഞ പദ്ധതികളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലുമായി 63 ആയുർ രക്ഷാ ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുണ്ട്.