adalath

ഇടുക്കി: 'സഫലം 2020' വഴി ഇടുക്കി താലൂക്കിൽ ലഭിച്ച 67 പരാതികളിൽ 66 എണ്ണവും ജില്ലാ കളക്ടർ എച്ച് ദിനേശൻ തീർപ്പാക്കി. ഒരെണ്ണം തുടർ നടപടികൾക്കായി മാറ്റി. ഇടുക്കി താലൂക്കിലും താലൂക്കിന് കീഴിലുള്ള പത്ത് വില്ലേജ് ഓഫീസുകളിലുമായി 48 പരാതിക്കാർ വീഡിയോ കോൺഫറൻസിലൂടെ അദാലത്തിൽ പങ്കെടുത്തു.
വില്ലേജ് ഓഫീസുകളെയും താലൂക്ക് ഓഫീസും കളക്ടറേറ്റും ബന്ധപ്പെടുത്തി വീഡിയോ കോൺഫറൻസായാണ് അദാലത്ത് നടത്തിയത്.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 39 പരാതികളും, പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് 17, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് 11 പരാതികളുമുണ്ടായിരുന്നു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് വസ്തു അതിർത്തി തർക്കം, പട്ടയപ്രശ്‌നം, സർവ്വേറീസർവ്വേ നടപടികളിലെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികൾ ലഭിച്ചത്.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി കുര്യാക്കോസ്, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ കെ.പ്രവീൺ, ജില്ലാ സർവെ സൂപ്രണ്ട് എസ്.അബ്ദുൾ കലാം ആസാദ് തുടങ്ങിയവർ കളക്ട്രേറ്റിലും ഇടുക്കി താലൂക്ക് ഓഫീസിൽ തഹസിൽദാർ വിൻസന്റ് ജോസഫും അദാലത്തിന് നേതൃത്വം നൽകി.