തൊടുപുഴ: കോവിഡ് രോഗവ്യാപനം ജില്ലയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുവാൻ റവന്യൂ വകുപ്പ് നടപടികൾ സ്വീകരിച്ചു.തഹസിൽദാർമാരുടെ കീഴിൽ പ്രത്യേക പരിശോധന സ്‌ക്വാഡുകൾ രൂപീകരിച്ചു. . മാനദണ്ഡങ്ങൾ പാലിക്കാതെ വാണിജ്യസ്ഥാപനങ്ങൾ, സാമൂഹിക അകലം പാലിക്കാതെയുള്ള കൂടിച്ചേരലുകൾ, മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളിൽ ആളുകൾ നടക്കുന്നത് ഉൾപ്പടെ ശ്രദ്ധയിൽപെട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കുവാനാണ് തീരുമാനം. തൊടുപുഴ തഹസിൽദാർ വി.ആർ. ചന്ദ്രൻപിള്ളയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരുടെ ചുമതലയിൽ രൂപീകരിച്ച സ്‌ക്വാഡുകൾ താലൂക്കിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ പരിശോധനകൾ ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ അപാകതകൾ ശ്രദ്ധയിൽപ്പെട്ടതിൽ ശക്തമായ മുന്നറിയിപ്പുകൾ നൽകി എങ്കിലും തുടർന്നും വീഴ്ചകൾ ഉണ്ടായാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ അറിയിച്ചു.
ഒ.എസ്. ജയകുമാർ, സക്കീർ കെ.എച്ച്. റെനി ജോസ്, എം.സി. അലക്‌സാണ്ടർ, അഭിലാഷ് ജി., ഷൈജു തങ്കപ്പൻ, നിസാർ പി.എച്ച്., അജിമോൻ സി.കെ., അനീഷ്‌കുമാർ എസ്, ആർ. ബിജുമോൻ, മുഹമ്മദ് നിസാർ, ഡി.കെ. സജിമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നുവരുന്നത്.