തൊടുപുഴ: മാധവ്ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നിലവിലിരിക്കുന്ന കേസിൽ കേരള സർക്കാരിന്റെ നിലപാടെന്താണെന്ന് വ്യക്തമാക്കണമെന്ന് യു.ഡി.എഫ് ജില്ലാ യോഗം ആവശ്യപ്പെട്ടു. ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾ വീണ്ടും കുത്തിപോക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവരെ കരുതലോടെ ചെറുക്കണം. കേന്ദ്രത്തിലെ യു.പി.എ സർക്കാർ തിരസ്‌കരിച്ച ഗാഡ്ഗിൽ റിപ്പോർട്ട് ഒരു കാരണവശാലും നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ല. സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ തീരുമാനിച്ച ഡീൻ കുര്യാക്കോസ് എം.പിയെയും പി.ജെ. ജോസഫ് എം.എൽ.എയെയും യോഗം അഭിനന്ദിച്ചു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡീൻകുര്യാക്കോസ് എം.പി, മുൻ എം.എൽ.എമാരായ ഇ.എം. ആഗസ്തി, മാത്യു സ്റ്റീഫൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, സി.എം.പി ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി, ഫോർവേർഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി സി.കെ. ശിവദാസ്, അഡ്വ. കെ.ജെ. സിറിയക്ക് (ജനതദൾ) എന്നിവർ പ്രസംഗിച്ചു.