തൊടുപുഴ: കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഒഫ്‌ ലോയിൽ വിവര സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിൽ പൂർണമായി സജ്ജീകരിച്ച ഐ.സി.ടി കാമ്പസിന്റെ ഉദ്ഘാടനം എം. ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ .ഡോ. സാബുതോമസ് നിർവഹിച്ചു. ഓൺലൈൻ ക്ലാസ്സുകൾ ഭാവിയിൽ പഠനപ്രക്രിയയിൽ അനിവാര്യമാണെന്നും നാമിപ്പോൾ അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യം അവസാനിച്ചാലും 30 ശതമാനം അദ്ധ്യയനവും ഐ.സി.ടി പിൻബലത്തോടുകൂടി ഓൺലൈൻ ക്ലാസ്സുകളിൽ തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഡോ. ബിസ്മി ഗോപാലകൃഷ്ണൻ വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ നിയമപഠനത്തിൽ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. നൂതന വെർച്ച്വൽ ലേണിംഗ് പ്ലാറ്റ്‌ഫോമായ മൂഡിൽ സംവിധാനത്തിൽ അദ്ധ്യയനവും, മറ്റ് പഠനപ്രക്രിയകൾക്ക് ആവശ്യമായ സൗകര്യങ്ങളുമൊരുക്കി ഈ അദ്ധ്യയനവാർഷാരംഭം മുതൽ ഓൺലൈൻ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ച് സംസ്ഥാനത്തെ ആദ്യ ലോകോളേജായി തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഒഫ്‌ ലോ മാറിയതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മാനേജർ പി.ജെ.ജോർജ് അറിയിച്ചു.പ്രൊഫ. അന്നമ്മ ജോൺ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡോ. ഇ.ആർ. ജയറാം സ്വാഗതവും അഡ്മിനിസ്‌ട്രേറ്റർ ഡോ. ജെ.ജോർജി നീർണാൽ നന്ദിയും പറഞ്ഞു.