vishnu

തൊടുപുഴ: അരയ്ക്ക് താഴെ തളർന്ന ഈ യുവാവ് രണ്ടാഴ്ച മുമ്പ് വരെ ജീവിതത്തിൽ തോൽക്കാതിരിക്കാനുള്ള ഒറ്റയാൾ പോരാട്ടത്തിലായിരുന്നു. ഇന്ന് ആ പോരാട്ടത്തിൽ കൂട്ടായി നിരവധിപ്പേരുണ്ട്. സാമ്പത്തികമായും അല്ലാതെയും അവർ വിഷ്ണുവിനെ സഹായിക്കാൻ ഒപ്പമുണ്ട്. ഇതിന് നിമിത്തായത് കേരളകൗമുദിയും. കൗമുദിയുടെ യുട്യൂബ് ചാനൽ വഴിയാണ് പ്രതിസന്ധികളെ തരണം ചെയ്യുന്ന തൊടുപുഴ ഞറുക്കുറ്റി പൊടിയിൽപറമ്പിൽ വിഷ്ണു വിജയന്റെ പോരാട്ടവീര്യത്തെക്കുറിച്ച് മലയാളികൾ അറിഞ്ഞത്. ഒരു ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. ഇതിനകം ഒരു ലക്ഷത്തിലേറെ രൂപയുടെ സാമ്പത്തിക സഹായം വിഷ്ണുവിന് ലഭിച്ചു. വിഷ്ണു നിർമ്മിച്ച അയ്യായിരത്തിലേറെ പേനകളാണ് വിറ്റുപോയത്. കുടകളും തുണികളും നിരവധി പേർ വാങ്ങാനെത്തുന്നുണ്ട്. കൊവിഡ് കാരണം എല്ലാം കൃത്യസമയത്ത് ഓർഡനുസരിച്ച് എത്തിക്കാനുള്ള ബുദ്ധിമുട്ട് മാത്രമാണ് ഇപ്പോഴുള്ളത്. സുഹൃത്തുക്കളും നാട്ടുകാരും പലരും അവർക്കാവുന്ന വിധത്തിലുള്ള സഹായവുമായെത്തി. ഒരാൾ ഇലക്ട്രിക് വീൽചെയർ എത്തിച്ചുനൽകി. സഹായമായി ലഭിച്ച തുകയിൽ നിന്ന് ഒരു സ്കൂട്ടർ വാങ്ങിച്ചു വിഷ്ണു.

2017 ഒക്ടോബറിൽ തൊടുപുഴയിലെ പഴയൊരുവീട് പൊളിച്ചുമാറ്റുന്നതിനിടെ വീണാണ് വിഷ്ണുവിന്റെ സുഷ്മന നാഡിക്ക് പരിക്കേറ്റ് അരയ്ക്ക് താഴേക്ക് തളർന്നുപോയത്. കപ്പിയിലുടക്കിയ കയർ വീൽചെയറിൽ ചേർത്തുകെട്ടി കുന്നിൻമുകളിലെ വീട്ടിലേക്ക് ആരുടെയും സഹായമില്ലാതെ വിഷ്ണു പിടിച്ചുകയറുന്ന കാഴ്ച ആരെയും അദ്ഭുതപ്പെടുത്തും. കാഴ്ചയ്ക്ക് പ്രശ്‌നമുള്ള അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തെ പോറ്റാൻ വിഷ്ണു വീട്ടിലിരുന്ന് സീഡ് പേപ്പർ പെൻ നിർമ്മിച്ച് വിറ്റാണ് അതിജീവനത്തിന് തുടക്കമിട്ടത്. തുടർന്ന് കുടകളും പേപ്പർ ബാഗുകളും നിർമ്മിക്കാൻ ആരംഭിച്ചു. പിന്നീട് തയ്യൽ പണിയും തുടങ്ങി. ഇതിനെല്ലാം സമൂഹമാധ്യമങ്ങളിലൂടെ വിപണി കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോഴായിരുന്നു കൊവിഡ് വന്ന് പ്രതിസന്ധിയിലാക്കിയത്. കുറച്ച് പണം കൂടി ലഭിച്ചാൽ ചെറിയ തയ്യൽ കട തുടങ്ങണമെന്നാണ് വിഷ്ണുവിന്റെ ആഗ്രഹം.

അക്കൗണ്ട് വിവരങ്ങൾ:

Vishnu Vijayan

A/c no 67314942825

IFSC: SBIN0070886

SBI karikode Branch

ഫോൺ: 6238049820