കട്ടപ്പന: മക്കളെ മർദിക്കുന്നത് കണ്ട് ചോദ്യം ചെയ്യാനെത്തിയ പിതാവിനെ ഒരുസംഘമാളുകൾ സദാചാര പൊലീസ് ചമഞ്ഞ് മർദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ വലിയതോവാള പറമ്പിൽ സതീഷ് ജയകുമാറി(50) നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വലിയതോവാള സ്വദേശികളായ ഷാജി(50), വനരാജ്(43), സന്തോഷ്(40), ബിജു(38), അനൂപ്(30), ബാബു(48) എന്നിവർക്കെതിരെ വണ്ടൻമേട് പൊലീസ് കേസെടുത്തു. കഴിഞ്ഞ 14ന് വൈകിട്ട് ആറോടെ മന്നാക്കുടി ജംഗ്ഷനിലാണ് സംഭവം. അമിത വേഗത്തിൽ ബൈക്ക് ഓടിച്ചുവെന്ന് ആരോപിച്ച് സതീഷിന്റെ മക്കളെ ഒരു സംഘമാളുകൾ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സതീഷ് മക്കളെ മർദിക്കുന്നത് തടഞ്ഞതോടെ അക്രമി സംഘം ഇദ്ദേഹത്തിനുനേരെ തിരിഞ്ഞു.. പൊലീസ് എത്തിയതോടെയാണ് അക്രമിസംഘം സ്ഥലത്തുനിന്നു പിൻവാങ്ങിയത്. മുഖത്തെയും മൂക്കിന്റെയും അസ്ഥികൾ പൊട്ടിയ സതീഷിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.