കട്ടപ്പന: കട്ടപ്പന നഗരസഭ പരിധിയിൽ അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികളുമായി ആരോഗ്യ വിഭാഗം. എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി മാലിന്യ നിർമാർജനത്തിനു വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടും പാതയോരങ്ങളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും മാലിന്യം തള്ളൽ വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ മാലിന്യം തള്ളിയവരെ ആരോഗ്യവിഭാഗം കണ്ടെത്തി പിഴ ഈടാക്കി. സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലെ സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മാലിന്യത്തിൽ നിന്നു തെളിവുകൾ കണ്ടെത്തിയുമാണ് നടപടി സ്വീകരിച്ചത്. ആഹാര അവശിഷ്ടങ്ങൾ, വീടുകളിൽ നിന്നുള്ള മാലിന്യം, സാനിട്ടറി നാപ്കിനുകൾ ഉൾപ്പെടെയാണ് തള്ളുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ മാലിന്യമെത്തിച്ച് നിക്ഷേപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിരവധി പേർക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മാലിന്യ നിക്ഷേപകരെ കണ്ടെത്തുന്ന ചുമതല കൂടിയായതോടെ ആരോഗ്യ പ്രവർത്തകരുടെ ജോലി ഭാഗം ഇരട്ടിക്കുകയാണ്. ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡിമേരി, വിനേഷ് ജേക്കബ്, നഗരസഭാ ജീവനക്കാരായ ബിബിൻ തോമസ്, അജിൻ തോമസ്, ശുചീകരണ തൊഴിലാളികൾ എന്നിവരാണ് പെട്രോളിംഗ് നടത്തുന്നത്.