കട്ടപ്പന: കട്ടപ്പനയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ. നിലവിൽ 28 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. 25 മുറികളിലായി 53 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും ശുചിമുറികളുണ്ട്. അടിയന്തര സാഹചര്യത്തിൽ 70 രോഗികളെ വരെ ഇവിടെ പ്രവേശിപ്പിക്കും. നാല് ഡോക്ടർമാർ, നാല് സ്റ്റാഫ് നഴ്‌സ്, അറ്റൻഡർമാർ, നഴ്‌സിംഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 15 പേരടങ്ങുന്ന മെഡിക്കൽ സംഘം ഇവിടെയുണ്ട്. രോഗികൾക്ക് നാലുനേരം ഭക്ഷണം, വെള്ളം, കുളിക്കാനും കുടിക്കാനും ചൂടുവെള്ളം തുടങ്ങി എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചു. കട്ടപ്പനയിലെ സന്നദ്ധ സംഘടനകൾ മുഖേന ടി.വികൾ, വാഷിംഗ് മെഷീനുകൾ, ബെഡ് ഷീറ്റുകൾ, സാനിട്ടൈസറുകൾ, ഇതര അവശ്യ വസ്തുക്കൾ തുടങ്ങിയ ശേഖരിച്ച് കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. ദിവസേന രണ്ടുതവണ എല്ലാ മുറികളും അണുവിമുക്തമാക്കും. മരുന്നുകൾ എത്തിക്കുന്ന, അണുനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് സുരക്ഷാ വസ്ത്രങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. രോഗബാധിതർക്ക് ഏഴുദിവസത്തിലൊരിക്കൽ ആദ്യ പരിശോധന നടത്തും. ഫലം നെഗറ്റീവായാൽ വീട്ടിൽ പോകാൻ അനുവദിക്കും. ആദ്യ പരിശോധനയിൽ പൊസിറ്റീവായാൽ രണ്ടുദിവസം കൂടുമ്പോൾ ടെസ്റ്റുകൾ ആവർത്തിക്കും. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, നോഡൽ ഓഫീസർ ഡോ. എവിൻ എബ്രഹാം, ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി. ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി. മേരി, വിനേഷ് ജേക്കബ് എന്നിവർക്കാണ് കേന്ദ്രത്തിന്റെ ചുമതല.