civil-station

തൊടുപുഴ: ഈ മഴക്കാലത്ത് സിവിൽ സ്റ്റേഷന് അടുത്ത് കൂടെ പോകുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ മുട്ടൻ പണി കിട്ടും. കെട്ടിടത്തിന്റെ മുകൾ നിലയിലെ ഇളകി മാറിയ റൂഫിംഗ് ഷീറ്റുകൾ ഏതു നിമിഷവും തലയിലേക്ക് വീഴാം. തൊടുപുഴ മിനി സിവിൽ സ്റ്റേഷന്റെ പുതിയ ബ്ലോക്ക് മന്ദിരത്തിന് മുകളിലാണ് അപകടം പതിയിരിക്കുന്നത്. കാറ്റടിച്ചാൽ ഏത് നിമിഷവും ഉയരത്തിലുള്ള കെട്ടിടത്തിൽ നിന്ന് ഇളകിയ ഷീറ്റുകൾ താഴേക്ക് പതിക്കുന്ന സ്ഥിതിയാണ്. ഒരു മാസത്തോളമായി ഇവിടെ ഷീറ്റുകൾ റൂഫിൽ നിന്ന് ഇളകി മാറി നിൽക്കുകയാണ്. ഇത് വിവിധ ആവശ്യങ്ങൾക്ക് സിവിൽ സ്റ്റേഷനിലെത്തുന്നവരെയും ജീവനക്കാരെയും ഭീതിയിലാക്കുന്നുണ്ട്. ശക്തമായി കാറ്റടിക്കുന്ന സാഹചര്യത്തിൽ ഇവ ഏതു നിമിഷവും വീഴാം. തിരക്കുള്ള സിവിൽ സ്റ്റേഷൻ മുറ്റത്തേക്കോ സമീപത്തെ തിരക്കേറിയ റോഡിലേക്കോ ആകും ഇവ പതിക്കുക. ഏറെ തിരക്കുള്ള ബസ് സ്റ്റോപ്പ് സിവിൽ സ്റ്റേഷന് മുന്നിലാണ്. മുവാറ്റുപുഴ, അടിമാലി മേഖലയിലേക്ക് പോകാൻ നിരവധി പേരാണ് ഇവിടെ ബസ് കാത്തു നിൽക്കുന്നത്. എതിർവശത്തെ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡും തിരക്കുള്ളതാണ്. എവിടെ വീണാലും ദുരന്തം ചെറുതാകില്ല. നിരവധി ഷീറ്റുകൾ റൂഫുമായി ബന്ധം ഏതാണ്ട് വേർപ്പെട്ടും തകർന്നും കിടപ്പുണ്ട്. മൂന്ന് മാസം മുമ്പ് ശക്തമായ കാറ്റിൽ സിവിൽ സ്റ്റേഷന് സമീപം നിന്ന വലിയ മരം വീണ് ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാട് പറ്റിയിരുന്നു.

'ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. പി.ഡബ്ല്യു.ഡി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട് "

​-തൊടുപുഴ തഹസിൽദാർ

'ടെണ്ടർ നടപടികൾ ആയിട്ടുണ്ട്. ഉടൻ ഷീറ്റ് മാറ്റും"

​ -പി.ഡബ്ല്യു.ഡി ബിൽഡിംഗ് വിഭാഗം