ഇന്നലെ ഡോക്ടറും നഴ്സുമടക്കം 11 പേർക്ക് രോഗം
ടാറ്റാ ടീ ആശുപത്രി അത്യാഹിത വിഭാഗം അടച്ചു
തൊടുപുഴ: ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 300 കടന്നു. ഇന്നലെ ഡോക്ടർക്കും നഴ്സിനും ഉൾപ്പടെ 11 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 303 ആയി. ഇതിൽ 194 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 108 പേർ രോഗമുക്തരായി. ഇന്നലെ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാളുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല. എഴുപത്തഞ്ചുകാരൻ ഉൾപ്പടെ അഞ്ച് പേർ രോഗമുക്തരായി. മൂന്നാർ ടാറ്റാടീ ജനറൽ ആശുപത്രയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ നടത്തിയിരുന്ന ഡോക്ടർക്കാണ് (27) കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചു. രോഗബാധിതനൊപ്പം ജോലി ചെയ്തിരുന്ന നാല് ഡോക്ടർമാരെയും 12 ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. ഇതിലൊരു ഡോക്ടറുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് സൂചനയുണ്ട്. സഹോദരിയുടെ വിവാഹാവശ്യത്തിനായി ജൂലായ് നാലിന് ഇദ്ദേഹം തിരുവനന്തപുരത്ത് പോയിരുന്നു. ഏഴിനാണ് മടങ്ങിയെത്തിയത്. ഒമ്പതിന് ജോലിയിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നാല് ദിവസം മുമ്പാണ് സ്രവപരിശോധന നടത്തിയത്. വ്യാഴാഴ്ചയും ഡോക്ടർ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. തോട്ടം മേഖലയിലെ തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയാണ് ഇത്. ഡോക്ടറുമായി സമ്പർക്കമുണ്ടായ എല്ലാവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. എറണാകുളം രാജഗിരി ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ബൈസൺവാലി സ്വദേശിനിക്ക് കൊവിഡ് ബാധിച്ച് മരിച്ച രാജാക്കാട് സ്വദേശിനിയുമായി സമ്പർക്കമുണ്ടായിരുന്നു. ഇവർ എറണാകുളത്ത് ചികിത്സയിലാണ്.
സമ്പർക്കം വഴി
രാജാക്കാട് സ്വദേശികളായ ഉറവിടമറിയാത്ത 26 കാരൻ, രോഗികളുമായി സമ്പർക്കമുണ്ടായ യുവാവ് (48), യുവതി (30) എന്നിവരുടെ ഫലമാണ് പോസിറ്റീവായത്. ആന്റിജൻ ടെസ്റ്റിലൂടെയാണ് മൂവർക്കും രോഗം സ്ഥിരീകരിച്ചത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്
ജൂലായ് മൂന്നിന് കമ്പത്ത് നിന്ന് വന്ന ഉടുമ്പഞ്ചല പാറത്തോട് സ്വദേശിനി (62), സേനാപതി സ്വദേശി (62), ഡെൽഹിയിൽ നിന്ന് വന്ന രാജാക്കാട് സ്വദേശി (24).
ജൂലായ് എട്ടിന് ഗൂഡല്ലൂരിൽ നിന്ന് വന്ന ചക്കുപള്ളം സ്വദേശിനി (20)
മറ്റ് ജില്ലയിൽ നിന്ന്
മൂന്നാറിലെ ഡോക്ടറെ കൂടാതെ എറണാകുളത്ത് നിന്ന് വന്ന വണ്ണപ്പുറം സ്വദേശി (41). നെട്ടൂർ മാർക്കറ്റിലെ പഴക്കച്ചവടക്കാരനാണ്.
വിദേശത്ത് നിന്ന്
ജൂലായ് ആറിന് ദമാമിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശി (29)
ഇവർ രോഗമുക്തർ
ജൂൺ 29ന് രോഗം സ്ഥിരീകരിച്ച പെരുവന്താനം സ്വദേശി (25)
ജൂലായ് രണ്ടിന് രോഗം സ്ഥിരീകരിച്ച കരിങ്കുന്നം സ്വദേശി (75), കോക്കയാർ സ്വദേശി (50)
ജൂലായ് അഞ്ചിന് രോഗം സ്ഥിരീകരിച്ച പാമ്പാടുംപാറ സ്വദേശിനി (34)