തൊടുപുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ ശാരീരികമായി ഉപദ്രവിച്ച മദ്ധ്യവയസ്കനെതിരെ കേസ്. നെയ്ശേരിയിൽ താമസിക്കുന്ന ഹൈറേഞ്ച് സ്വദേശിയായ വിനോദിനെതിരെയാണ് (52) കരിമണ്ണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. 30കാരിയായ മകളും അമ്മയും തനിച്ച് താമസിക്കുന്ന വീട്ടിലെത്തി അടുത്ത പറമ്പിൽ പണിക്കെത്തിയ വിനോദ് ഉപദ്രവിച്ചെന്നാണ് പരാതി. യുവതിയുടെ അമ്മ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ സംഭവദിവസം അമ്മ ഫോണിൽ വിളിച്ച് പരാതി പറഞ്ഞപ്പോൾ തന്നെ വനിതാ പൊലീസ് ഇവരുടെ വീട്ടിലെത്തി യുവതിയുടെ മൊഴിയെടുത്ത ശേഷം കേസെടുത്തിരുന്നതായി കരിമണ്ണൂർ എസ്.ഐ പി.ടി. ബിജോയ് പറഞ്ഞു. പ്രതി ഒളിവിലാണെന്നും ഇയാളെ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും എസ്.ഐ പറഞ്ഞു. അതേസമയം തന്റെ പേരിലെടുത്തിരിക്കുന്നത് കള്ളക്കേസാണെന്ന് ആരോപിച്ച് പ്രതിയായ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.