അടിമാലി: മാങ്കുളത്ത് വനപാലകരെ നടുറോഡിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സി.പി.ഐ നേതാവിനെതിരെ കേസെടുത്തു. ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിനെതിരെയാണ് മൂന്നാർപൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുക, ഭീഷണി മുഴക്കുക തുടങ്ങി വിവിധ ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളതെന്ന് ഡിവൈ.എസ്.പി: രമേശ് കുമാർ പറഞ്ഞു. മൂന്നാർ സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മാങ്കുളത്ത് എത്തി അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്റെ നിർദേശത്തെ തുടർന്ന് അടിമാലി മണ്ഡലം കമ്മിറ്റി പ്രവീണിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പ്രവീൺ സംഭവത്തിൽ വിശദീകരണം നൽകിയതായും പാർട്ടി തലത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ പറഞ്ഞു. റവന്യൂ ഭൂമിയിൽ വനം വകുപ്പ് നിർമിച്ച ട്രഞ്ച് മൂടണമെന്നാവശ്യപ്പെട്ടുള്ള പരാതിയിൽ ദേവികുളം തഹസീൽദാർ ജിജി കുന്നപ്പിള്ളിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധനയ്‌ക്കെത്തിയപ്പോഴാണ് സംഭവം നടന്നത്.