കൊച്ചി: ഉപരി പഠനം നടത്തുന്ന പട്ടികജാതി പട്ടിക വർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് നൽകുന്ന പദ്ധതിയനുസരിച്ച് ഇടുക്കി നെടുങ്കണ്ടം സ്വദേശിനികളായ രണ്ടു വിദ്യാർത്ഥിനികൾക്ക് അഞ്ച് ആഴ്ചയ്ക്കുള്ളിൽ ലാപ്‌ടോപ്പ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പ്രൊഫണൽ പി.ജി കോഴ്സുകളിലും പോളിടെക്നിക്കിലും പഠിക്കുന്ന ദളിത് വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ നൽകുന്ന പദ്ധതി 2015 ലാണ് സർക്കാർ ആരംഭിച്ചത്. ഹർജിക്കാരികളിലൊരാൾ കാലടി സംസ്‌കൃത സർവകലാശാലയിൽ എം.എ വിദ്യാർത്ഥിനിയും മറ്റൊരാൾ സ്‌കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ അങ്കമാലി റീജിയണൽ സെന്ററിൽ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയുമാണ്. പഠനാവശ്യത്തിനായി ലാപ്‌ടോപ്പു വേണമെന്ന ഹർജിക്കാരുടെ ആവശ്യം 2018 ആഗസ്റ്റിൽ നെടുങ്കണ്ടം പഞ്ചായത്തിലെ ഗ്രാമസഭ അംഗീകരിച്ചതാണ്. എന്നാലിതുവരെ ലാപ്‌ടോപ്പ് നൽകിയില്ലെന്ന് ഹർജിക്കാർ വ്യക്തമാക്കി. ലോക്ക് ഡൗണിനെത്തുടർന്ന് ഓൺലൈൻ ക്ലാസ് നടക്കുകയാണ്. ഈ സാഹചര്യത്തിൽ ലാപ്‌ടോപ്പ് അനിവാര്യമാണെന്നും ഇവർ ബോധിപ്പിച്ചു. ലാപ്‌ടോപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞെന്നും കെൽട്രോണിൽ നിന്നാണ് ഇതു നൽകേണ്ടതെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെത്തുടർന്നാണ് കെൽട്രോണിന്റെ നടപടി വൈകുന്നതെന്നും വിശദീകരിച്ചു. ഇതു രേഖപ്പെടുത്തിയാണ് അഞ്ചാഴ്ചയ്ക്കകം ഇവർക്ക് ലാപ്‌ടോപ്പുകൾ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.