കട്ടപ്പന: സി.പി.എം ആദ്യകാല പ്രവർത്തകനും സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗവും എൽ.ഡി.എഫ് ചക്കുപള്ളം പഞ്ചായത്ത് കൺവീനറുമായ വി. ധർമരാജൻ സി.പി.എം പ്രാഥമിക അംഗത്വം രാജിവച്ചു. വണ്ടൻമേട് ഏരിയ കമ്മിറ്റിയിലെ ചില നേതാക്കളുടെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളിൽ ചിലർ ഏകാധിപത്യ നിലപാടാണ് സ്വീകരിച്ചുവരുന്നത്. പണമിടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുന്നു. ഏകാധിപത്യ നിലപാടുകളിലൂടെ പ്രവർത്തകരെ നിശബ്ദരാക്കാനാണ് ഇവർ ശ്രമിക്കുന്നത്. സി.പി.എമ്മിനെ ഇക്കൂട്ടർ സ്ഥാപനവത്കരിക്കുകയാണെന്നും ധർമരാജൻ പറഞ്ഞു. സി.ഐ.ടി.യു വണ്ടൻമേട് ഏരിയ സെക്രട്ടറി, പ്രൊജക്ട് ആന്റ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം, വണ്ടൻമേട് ഏരിയ സെക്രട്ടറി എന്നീ സ്ഥാനങ്ങളും രാജിവച്ചതായും ധർമരാജൻ അറിയിച്ചു.