തൊടുപുഴ: കൊവിഡ് രോഗിയായ സ്ത്രീ പെട്രോളടിക്കാനെത്തിയതിനെ തുടർന്ന് മുട്ടം ടൗണിലെ പെട്രോൾ പമ്പ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടപ്പിച്ചു. 16ന് ഉച്ചയ്ക്ക് ശേഷമാണ് കോട്ടയം കടനാട് സ്വദേശിയായ സ്ത്രീ ഇരുചക്ര വാഹനത്തിലെത്തി മുട്ടത്തെ പമ്പിൽ നിന്ന് പെട്രോൾ നിറച്ചത്. ഇതിന് ശേഷം പണം നൽകി വണ്ടി മുന്നോട്ടെടുത്ത ഉടനെ തന്നെ വാഹനം മറിഞ്ഞു. ഇത് കണ്ട പമ്പ് ജീവനക്കാർ ഓടിയെത്തി സ്ത്രീയെ പിടിച്ചെഴുന്നേൽപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. മറിഞ്ഞ് കിടന്ന വാഹനവും ജീവനക്കാർ തന്നെ നിവർത്തി നൽകി. 17ന് വൈകിട്ട് ഈ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിക്കുയായിരുന്നു. രോഗ വാഹക എത്തിയതായി അറിഞ്ഞതോടെയാണ് പമ്പ് തത്കാലത്തേക്ക് അടച്ചിടുന്നതിന് നിർദേശം നൽകിയത്. സ്ത്രീയുമായി ഇടപഴകിയ പമ്പ് ജീവനക്കാരോട് നിരീക്ഷണത്തിൽ പോകുന്നതിനും നിർദ്ദേശം നൽകിയതായി മെഡിക്കൽ ഓഫീസർ ഡോ. കെ.സി. ചാക്കോ പറഞ്ഞു. അടച്ചിട്ടിരിക്കുന്ന പമ്പ് അണു വിമുക്തമാക്കിയ ശേഷം തുറക്കുന്നതിനെ കുറിച്ച് പിന്നീട് ആലോചിക്കുമെന്നും മെഡിക്കൽ ഓഫീസർ സൂചിപ്പിച്ചു. പമ്പിലെത്തിയ രോഗ വാഹകയായ സ്ത്രീ നിരീക്ഷണം ലംഘിച്ചോയെന്നും സ്രവം പരിശോധനയ്ക്ക് നൽകി ഫലം വരുന്നതിന് മുമ്പായി യാത്ര ചെയ്ത സാഹചര്യവും അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.