tza
തൊടുപുഴയിൽ പ്രവർത്ത സജ്ജമായ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ

തൊടുപുഴ: ജില്ലയിലെ രണ്ടാമത്തെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ (സി.എഫ്.എൽ.ടി.സി) തൊടുപുഴയിൽ വെങ്ങല്ലൂർ മങ്ങാട്ടുവല ബൈപ്പാസിലെ സ്വകാര്യ റസിഡൻസിയിൽ പ്രവർത്തന സജ്ജമായി. അടുത്ത ദിവസം മുതൽ ഇവിടേക്ക് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. കൊവിഡ് പോസിറ്റീവാണെങ്കിലും ലക്ഷണമോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവരെ ചികിത്സിക്കുന്നതിനാണ്
ആരോഗ്യ വകുപ്പ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുറന്നത്. ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികളുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുംവരെ സെന്ററിൽ തന്നെയാവും പാർപ്പിക്കുക. ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപനത്തിന്റെ എല്ലാ മുറികളും ഹാളുകളും കോമ്പൗണ്ടും ഏറ്റെടുത്ത് തൊടുപുഴ നഗരസഭാ സെക്രട്ടറിക്ക് കൈമാറി. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം വാർഡുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ 15 പേരെ കൂടി ഇവിടെ ചികിത്സിക്കാനാവും. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി വാർഡുകൾ ആറ് ബെഡ് വീതം അടങ്ങിയ വിവിധ ക്യാബിനുകളാക്കി തിരിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നിരീക്ഷണത്തിലായിരിക്കും സെന്ററിന്റെ വർത്തനങ്ങൾ. ആവശ്യമായ ആശുപത്രി ഉപകരണങ്ങൾ എത്തിച്ചു. ജീവനക്കാർക്കായി സമീപത്ത് ഇതേ കോമ്പൗണ്ടിൽ തന്നെ മറ്റൊരു ഹാളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റാഫുകൾക്ക് ക്വാറന്റൈനിൽ കഴിയുന്നതിനുമുള്ള സൗകര്യങ്ങൾ പുതിയ കേന്ദ്രത്തിലുണ്ടാവും. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മാനേജ്‌മെന്റ് കമ്മറ്റിക്കാണ് ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തന ഏകോപന ചുമതല. തൊടുപുഴ നഗരസഭാദ്ധ്യക്ഷ സിസിലി ജോസാണ് കേന്ദ്രത്തിന്റെ ചെയർപേഴ്‌സൺ. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അജി.പി.എൻ. സി.എഫ്.എൽ.റ്റി.സി. യുടെ ജില്ലാ നോഡൽ ഓഫീസറായി പ്രവർത്തിക്കും. തൊടുപുഴയിലെ സെന്ററിന്റെ മെഡിക്കൽ ഓഫീസറായി ഡോ. കെ.സി. ചാക്കോയും നോഡൽ ഓഫീസറായി ഡോ. ജെറി സെബാസ്റ്റ്യനും പ്രവർത്തിക്കും.

എല്ലാവിധ സജീകരണങ്ങളും

 കേന്ദ്രത്തിൽ 103 കിടക്കകൾ

 മാനസിക സമ്മർദ്ദമില്ലാതാക്കാൻ ടി.വി, മൊബൈൽ, ഇന്റർനെറ്റ്

 രോഗികൾക്കും സ്റ്റാഫുകൾക്കും അഡ്മിനിസ്‌ട്രേഷനുമായി മൂന്ന് ബ്ലോക്കുകൾ

 പൊലീസ് സേവനത്തിന് എയ്ഡ് പോസ്റ്റ്

 അടുക്കളയും ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേകം ഹാളും